ന്യൂഡൽഹി: അദ്ധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ പശ്ചിമ ബംഗാൾ വ്യവസായ മന്ത്രി പാർത്ഥ ചാറ്റർജിക്ക് കനത്ത തിരിച്ചടി. പാർത്ഥ ചാറ്റർജിയെ ഭുവനേശ്വർ എയിംസിലേക്ക് മാറ്റാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. പാർത്ഥ ചാറ്റർജിയുടെ ആശുപത്രി വാസത്തിനെതിരെ ഇഡി നേരത്തെ രംഗത്തെത്തിയിരുന്നു.

കൊൽക്കത്തയിലെ സർക്കാർ ആശുപത്രി വാസത്തിനെതിരെ ഇഡി നൽകിയ ഹർജിയിലാണ് ഉത്തരവ്. പാർത്ഥ ചാറ്റർജിയെ തിങ്കളാഴ്ച പുലർച്ചെ എയർ ആംബുലൻസിൽ കൊണ്ട് പോകാമെന്നും കോടതിയി ഉത്തരവിൽ പറയുന്നു. പാർത്ഥ ചാറ്റർജിയുടെ ചികിത്സ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്ന് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്.

മെഡിക്കൽ രേഖകൾ പ്രകാരം പാർത്ഥ ചാറ്റർജി ആരോഗ്യവാനാണെന്നായിരുന്നു ഇഡി ഹൈക്കോടതിയിൽ ഉന്നയിച്ച വാദം. ആശുപത്രിയെ സുരക്ഷാ കേന്ദ്രമായി മന്ത്രി കാണുകയാണെന്നും, ഇക്കാലയളവ് കസ്റ്റഡിയായി പരിഗണിക്കില്ലെന്നും ഇഡി കോടതിയെ അറിയിച്ചു.

അതിനിടെ പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത മുഖർജിയെ ഒരു ദിവസത്തേക്ക് ചോദ്യം ചെയ്യാൻ ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിക്ക് ശേഷം നാളെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കണമെന്നാണ് നിർദ്ദേശം. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്.