തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ വധശ്രമകേസിൽ മൊഴി നൽകാൻ വലിയ തുറ പൊലിസിൽ ഹാജരാകാൻ കഴിയില്ലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി. മുഖ്യമന്ത്രിക്കെതിരായ വധ ശ്രമ കേസിലെ പ്രതികൾ കൂടിയായ ഫർസീൻ മജീദും നവീൻ കുമാറുമാണ് മൊഴി നൽകാൻ വരില്ലെന്ന് തിരുവനന്തപുരം വലിയതുറ എസ് എച്ച് ഒയെ അറിയിച്ചത്. മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിൽ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്നാണ് ഇവർക്ക് ജാമ്യം നൽകിക്കൊണ്ട് കോടതി വ്യക്തമാക്കിയത്. ജാമ്യ വ്യവസ്ഥകൾ നിലനിൽക്കുന്നതിനാൽ മൊഴി നൽകാൻ തിരുവനന്തപുരത്തേക്ക് വരില്ലെന്നാണ് ഇരുവരുടെയും നിലപാട്. നാളെയും മറ്റന്നാളുമായി ഹാജരാകാനായിരുന്നു നോട്ടീസ്.

ഇ.പി.ജയരാജൻ മർദിച്ചെന്ന കേസിൽ മട്ടന്നൂരിലെത്തി മൊഴിയെടുക്കണമെന്ന് ഫർസീൻ മജീദും നവീൻകുമാറും. അഭിഭാഷകർ മുഖേന വലിയതുറ പൊലീസിനെ അറിയിച്ചു. ഇ.പി. ജയരാജനെതിരെ വധശ്രമത്തിനു കേസെടുക്കണമെന്നാണു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടത്. മുഖ്യമന്ത്രിയുടെ ഗൺമാനെയും പഴ്‌സണൽ സ്റ്റാഫിനെയും പ്രതിചേർക്കണമെന്നും വലിയതുറ പൊലീസിനു കോടതി നിർദ്ദേശം നൽകിയിരുന്നു. ഫർസീനും നവീനും നൽകിയ ഹർജിയിലായിരുന്നു ഉത്തരവ്.

ഇപി ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൊഴി രേഖപ്പെടുത്താനായി വിളിച്ചുവരുത്തിയത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി തിരുവനന്തപുരം വലിയതുറ പൊലീസ് ഇ പി ജയരാജനെതിരെ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജെ എഫ് എം സി കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കേസെടുത്തത്.

അനിൽകുമാർ ഔദ്യോഗിക കൃത്യനിർവ്വഹണമാണ് നടത്തിയതെന്നായിരുന്നു വാദം. സദുദ്ദേശത്തോടെ പ്രതിഷേധക്കാരെ നേരിട്ട ഇപി തന്നെ രക്ഷിക്കാൻ ശ്രമിച്ചെന്നായിരുന്നു മുഖ്യമന്ത്രിയുടെ ആവർത്തിച്ചുള്ള ന്യായീകരണം. വലിയ കുറ്റം ഇപിയാണ് ചെയ്‌തെന്ന് കണ്ടെത്തി ഇൻഡിഗോ വിമാന കമ്പനിയുടെ യാത്രാ വിലക്കായിരുന്നു സർക്കാറിനുള്ള ആദ്യ തിരിച്ചടി, രണ്ടാം പ്രഹരമാണ് ഇപിക്കെതിരായ കേസ്.