ചെന്നൈ: തമിഴ്‌നാട് തിരുവള്ളൂരിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷിക്കും. ഡിഐജി സത്യപ്രിയ മേൽനോട്ടം വഹിക്കും. മരണം ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു ഡിഐജി സത്യപ്രിയ പറഞ്ഞു. കലക്ടർ ആൽബി ജോൺ വർഗീസ് സ്‌കൂൾ സന്ദർശിച്ചു.വിശദമായ അന്വേഷണം നടത്തുമെന്നും ഒന്നും മറയ്ക്കില്ലെന്നും കലക്ടർ വ്യക്തമാക്കി.

തിരുവള്ളൂർ ജില്ലയിലെ കീഴ്‌ചേരിയിൽ സ്‌കൂൾ ഹോസ്റ്റലിലാണു പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചത്. വിവരമറിഞ്ഞെത്തിയ മാതാപിതാക്കളും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് സ്‌കൂൾ വളപ്പിൽ പ്രതിഷേധിച്ചു. തിരുത്തണി തെക്കളൂർ സ്വദേശികളായ പൂസനം മുരുകമ്മാൾ ദമ്പതികളുടെ മകളായ പി.സരള (17)ആണ് മരിച്ചത്. തിരുവള്ളൂർ സേക്രഡ് ഹാർട്‌സ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണു സരള. പോസ്റ്റ്മോർട്ടം നടപടികൾക്കായി പെൺകുട്ടിയുടെ മൃതദേഹം തിരുവള്ളൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം സംസാരിച്ച സരള അവർ ഭക്ഷണം കഴിക്കാൻ പോയ സമയം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചതായാണ് പറയപ്പെടുന്നത്. എന്നാൽ വിഷം കഴിച്ചാണ് സരള മരിച്ചതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതായി മാതാപിതാക്കൾ പറയുന്നു.