കോവിൽമല(രാജപുരം): സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതിയായി ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ഒരു വനിതാ സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനമുണ്ടെന്ന് ദക്ഷിണേന്ത്യയിലെ ഏക ഗോത്രവർഗ്ഗ രാജാവായ കോവിൽമല രാമൻ രാജമന്നാൻ.രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയോടനബന്ധിച്ച് കോവിൽമല പൗരാവലിയുടെ നേതൃത്വത്തിൽ ഗവ. എൽപി സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗോത്രവർഗ്ഗ സമൂഹത്തിന്റെ ആത്മാഭിമാനം വീണ്ടെടുത്തത് എഴുപത്തിയഞ്ചാം വർഷത്തിലാണ്. രാഷ്ട്രീയ പാർട്ടികൾക്ക് കൊടി പിടിക്കാൻ മാത്രം വിധിക്കപ്പെട്ട പട്ടികജാതി ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. പരിശ്രമങ്ങളുണ്ടെങ്കിൽ സംവരണങ്ങൾക്കപ്പുറം അംഗീകാരം ലഭിക്കുമെന്നതിന് ഉദാഹരണമാണ് നമ്മുടെ രാഷ്ട്രപതിയെന്നും രാമൻ രാജമന്നാൻ പറഞ്ഞു.

ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രപതി ദ്രൗപദി മുർമൂവിന്റെ ഛായാചിത്രം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിന് കോവിൽമല രാജാവ് കൈമാറി. വാർഡ് മെമ്പർ വി.ആർ. ആനന്ദ് അധ്യക്ഷനായ പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന സരസ്വതി സ്‌കൂൾ ചെയർമാൻ ശ്രീനഗരി രാജൻ, ഹെഡ്‌മാസ്റ്റർ എസ്. നാഗേന്ദ്രൻ, സീനിയർ അദ്ധ്യാപകൻ സതീഷ് വർക്കി എന്നിവർ സംസാരിച്ചു. കോവിൽമല നിവാസികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ആഘോഷ പരിപാടിയിൽ പായസ വിതരണവും സത്യപ്രതിജ്ഞയുടെ തൽസമയ സംപ്രേഷണവും നടന്നു.