ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റ ദ്രൗപദി മുർമുവിന് ആശംസകൾ അറിയിച്ച് ലോകനേതാക്കൾ. മുർമുവിനോടൊപ്പം പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്നും രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്താൻ മുർമുവിനു കഴിയട്ടെയെന്നും വിവിധ രാഷ്ട്രത്തലവന്മാർ ആശംസിച്ചു.

പരസ്പര രാഷ്ട്രീയ വിശ്വാസം വർദ്ധിപ്പിക്കാൻ മുർമുവുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വ്യക്തമാക്കി. ചൈനയ്ക്ക് പുറമേ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ശ്രീലങ്കൻ പ്രസിഡന്റ് റനിൽ വിക്രമസിൻഹെ, നേപ്പാൾ പ്രസിഡന്റ് ബിദ്യ ദേവി ഭണ്ഡാരി എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയും ചൈനയും പരസ്പരം വളരെയധികം പ്രാധാന്യമുള്ള അയൽക്കാരാണെന്ന് ഷീ ജിൻപിങ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും, ജനങ്ങളുടെയും മൗലികതാത്പര്യങ്ങൾ കാത്തുസൂക്ഷിച്ചുകൊണ്ട് പരസ്പരം ആരോഗ്യപരമായ ബന്ധം ഉണ്ടാക്കേണ്ടതുണ്ട്. ഇന്ത്യ ചൈന ബന്ധത്തിന് വളരെയധികം പ്രാധാന്യം നൽകുന്നതിനാൽ മുർമുവുമായി പ്രവർത്തിക്കാൻ ഒരുക്കമാണ്. പരസ്പരമുള്ള രാഷ്ട്രീയ വിശ്വാസം വർദ്ധിപ്പിക്കാനും, സഹകരണം വർദ്ധിപ്പിക്കാനും, വ്യത്യസ്തതകളെ യഥാക്രമം കൈകാര്യം ചെയ്യാനും, ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനും മുർമുവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി.

അതിർത്തി തർക്കങ്ങൾ ഉൾപ്പെടെ നിലനിൽക്കുമ്പോഴാണ് ചൈനയുടെ ആശംസ. അടുത്തിടെ ചൈനീസ് സൈനിക വിമാനങ്ങൾ യഥാർത്ഥ നിയന്ത്രണ രേഖ ലംഘിച്ച് തുടർച്ചയായി പറന്നതും ഇന്ത്യയുടെ ശക്തമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇതിനിടയിലാണ് ഇന്ത്യൻ രാഷ്ട്രപതിക്ക് ഷീ ജിൻപിങ് ആശംസ അറിയിച്ചതും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കുന്നതും.

ഫലപ്രദമായ രീതിയിൽ ഉഭയകക്ഷി സഹകരണം കൂടുതൽ സാധ്യമാക്കാൻ മുർമുവിനു സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു എന്നായിരുന്നു റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിന്റെ ആശംസ. രാഷ്ട്രപതി എന്ന നിലയിൽ വ്യത്യസ്ത മേഖലകളിൽ ഇന്ത്യ റഷ്യ സഹകരണവും സംവാദവും പ്രോത്സാഹിപ്പിക്കാൻ മുർമുവിനു കഴിയുമെന്നാണു പ്രതീക്ഷ. സവിശേഷ പരിഗണനയുള്ള പങ്കാളിത്ത രാജ്യമെന്ന നിലയിലും, രാജ്യാന്തര സ്ഥിരതയ്ക്കും സുരക്ഷയ്ക്കും പ്രധാനമായതിനാലും രണ്ടു സൗഹൃദരാജ്യങ്ങൾ തമ്മിലുള്ള ബന്ധം പ്രധാനമാണ് പുട്ടിൻ പറഞ്ഞു.

ദ്രൗപദി മുർമുവിന് കീഴിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റനിൽ വിക്രമസിംഗെയും പ്രതികരിച്ചു. ദ്രൗപദി മുർമുവിന്റെ ഭരണ കാലയളവിൽ ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി പറഞ്ഞു. സർക്കാരിന്റെയും ജനങ്ങളുടെയും ഭാഗമായി മുർമുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. മുർമുവിന്റെ കീഴിൽ ഇന്ത്യ- നേപ്പാൾ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്ന് ആശംസിക്കുന്നതായും ഭണ്ഡാരി പ്രതികരിച്ചു.