പത്തനംതിട്ട: റാന്നി വലിയപാലത്തിൽ നിന്നും സ്ത്രീ പമ്പാനദിയിലേക്കു ചാടിയെന്ന് സംശയത്തെ തുടർന്ന് തെരച്ചിൽ. തിങ്കളാഴ്ച വൈകുന്നേരം വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഞായറാഴ്ച രാത്രി ഒമ്പതരയോടെ പാലത്തിൽ നിന്ന് സ്ത്രീ ചാടിയതായി വഴിയാത്രക്കാരാണ് പറഞ്ഞത്. പാലത്തിൽ ചെരിപ്പും പഴ്സും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. പഴ്സിൽ നിന്ന് കിട്ടിയ വിലാസം അനുസരിച്ച് അടൂർ സ്വദേശിനിയുടേതാണ് എന്ന് തിരിച്ചറിഞ്ഞു.

ഇവർ ഞായറാഴ്ച രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായി അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഫയർഫോഴ്സിന്റെ പത്തനംതിട്ടയിൽ നിന്നുള്ള സ്‌കൂബ ടീമും റാന്നി യൂനിറ്റും വൈകുന്നേരം 6.30 വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.