ന്യൂഡൽഹി: മുൻ രാഷ്ട്രപതി റാംനാഥ് കോവിന്ദ് ഇനി താമസിക്കുക 12 ജൻപഥിൽ. രാഷ്ട്രപതി ദ്രൗപദി മുർമു റാംനാഥ് കോവിന്ദിനെ പുതിയ വസതിയിലേക്ക് അനുഗമിച്ചു. സർക്കാർ വസതികളിൽ ഏറ്റവും വലുപ്പമേറിയതാണു 12 ജൻപഥ്. മുൻ കേന്ദ്രമന്ത്രിയും എൽജെപി നേതാവുമായിരുന്ന റാംവിലാസ് പാസ്വാനായിരുന്നു മൂന്ന് പതിറ്റാണ്ടോളം താമസക്കാരൻ.

റാംനാഥ് കോവിന്ദിനെ പുതിയ വസതിയിലേക്ക് ആനയിക്കാൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഉണ്ടായിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും പിന്നാലെയെത്തി. 10 ജൻപഥിൽ താമസിക്കുന്ന കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് അയൽവാസി.

2021 ഓഗസ്റ്റിൽ റയിൽവേ ഐടി മന്ത്രി അശ്വിനി വൈഷ്ണവിനു വീട് അനുവദിച്ചെങ്കിലും പാസ്വാന്റെ കുടുംബം വീടൊഴിയാത്തതിനാൽ താമസിക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാർച്ചിൽ പാസ്വാന്റെ കുടുംബത്തോടു വീടൊഴിയാൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ അവർ കൂടുതൽ സമയം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും തള്ളി.