- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വർഷത്തെ കാത്തിരിപ്പ്; കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് വാഹനാപകടം; ആറ്റുനോറ്റുണ്ടായ കൺമണിയെ ഒരു നോക്ക് കാണും മുന്നേ ശരത് യാത്രയായി
പഴഞ്ഞി: ആറ്റുനോറ്റുണ്ടായ കൺമണിയെ ഒരു നോക്ക് കാണും മുന്നേ ശരത് യാത്രയായി. കല്ല്യാണം കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷം ലഭിച്ച കുഞ്ഞിനായുള്ള കാത്തിരിപ്പിനൊടുവിലായിരുന്നു വീട്ടുകാരെ തീരാ ദുഃഖത്തിലാക്കി ശരത്തിന്റെ യാത്ര. കുഞ്ഞ് ജനിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ വാഹനാപകടത്തിന്റെ രൂപത്തിൽ മരണം ശരത്തിനെ തേടി എത്തുകയായിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ശരത്തിനും ഭാര്യ നമിതയ്ക്കും ആൺകുട്ടി പിറന്നത്. എന്നാൽ ആസന്തോഷ വാർത്ത കേൾക്കാൻ ശരത്ത് ഉണ്ടായിരുന്നില്ല. രാത്രിയുണ്ടായ ബൈക്കപകടം ആ കുടുംബത്തിന്റെ എല്ലാ സന്തോഷവും ഇല്ലാതാക്കി. കുന്നംകുളം വെട്ടിക്കടവ് പള്ളിക്കുസമീപം ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലിലും വൈദ്യുതിത്തൂണിലും ഇടിച്ചുണ്ടായ അപകടത്തിലാണ് വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ശരത്ത് (30) മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. ഭാര്യ നമിതയെ പ്രസവത്തിനായി തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പുലർച്ചെ അഞ്ചിന് ഭാര്യയുടെ അടുത്തേക്കെത്താനുള്ള ഒരുക്കങ്ങൾ കഴിഞ്ഞ് കിടന്നതായിരുന്നു ശരത്ത്. പുലർച്ചെ ഒന്നരയോടെ കൂട്ടുകാരന്റെ വിളി വന്നു. ബൈക്കിന്റെ പെട്രോൾ തീർന്ന് കുന്നംകുളം അഞ്ഞൂരിൽ വഴിയിലായ അവനെ സഹായിക്കാൻ മറ്റൊരു സുഹൃത്തുമായി അപ്പോൾത്തന്നെ പുറപ്പെട്ടു. ആ യാത്ര മരണത്തിലേക്കുമായി.
അപകടമുണ്ടായ ഉടൻ നാട്ടുകാരും പരസ്പരസഹായ സമിതി ആംബുലൻസ് പ്രവർത്തകരും ചേർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണത്തിനിടയാക്കിയത്. ഒപ്പമുണ്ടായിരുന്ന പട്ടിത്തടം ചൂൽപ്പുറത്ത് വീട്ടിൽ അനുരാഗിന് (19) ഗുരുതര പരിക്കുണ്ട്. അനുരാഗിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
രാവിലെ സംസ്‌കാരത്തിനു മുൻപു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന നോവിലാണു ബന്ധുക്കൾ. കാട്ടകാമ്പാൽ ചിറയ്ക്കലിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് ശരത്ത്. ബിജെപി.യുടെ സേവനപ്രവർത്തനങ്ങളിലും താലൂക്ക് ആശുപത്രിയിലെ പൊതിച്ചോർ വിതരണത്തിലും സജീവമായിരുന്നു. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: ഷീല. സഹോദരി: ശരണ്യ. പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച സംസ്‌കാരം നടത്തും.