അഹമദബാദ്: ഗുജറാത്തിലെ ബോട്ടാഡിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ മരണം 21 ആയി. 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യത്തിന് പകരം മീഥൈൽ നൽകിയതാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പിന്റു, ജയേഷ് അലിയ രാജു, സഞ്‌ജെയ് എന്നിവരെ അറസ്റ്റ് ചെയ്തു. മീഥൈൽ വിൽക്കുന്ന കമ്പനിയുടെ മാനേജറാണ് ജയേഷ്. ഇയാൾ കമ്പനിയിൽ നിന്ന് മീഥൈൽ കടത്തുകയും മറ്റ് രണ്ട് പേർക്ക് നൽകുകയുമായിരുന്നു. ഇത്തരത്തിൽ 200 ലിറ്റർ മീഥൈലാണ് ഇവർ കടത്തിയത്.

അഹമദബാദ് ക്രൈം ബ്രാഞ്ചും ഗുജറാത്ത് ആന്റി ടെററിസ്റ്റ് സ്‌ക്വാഡും അന്വേഷണം നടത്തുന്നുണ്ട്. 450 ലിറ്റർ മീഥൈൽ പൊലീസ് പിടികൂടി. ചികിത്സയിലിരിക്കെ അഞ്ച് പേരും ചികിത്സക്ക് ശേഷം മൂന്ന് പേരും ഇന്ന് രാവിലെ രണ്ട് പേരും കൂടി മരിച്ചതായി ഗുജറാത്ത് ഡി.ജി.പി ആശിഷ് ഭാട്ടിയ അറിയിച്ചു. ചികിത്സയിലുള്ള 20 പേരിൽ പലരുടെയും നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.