തിരുവനന്തപുരം: സിൽവർലൈൻ ഭൂമിയേറ്റെടുക്കലിന്റെ പേരിൽ സംസ്ഥാനത്ത് നടന്ന അതിക്രമങ്ങൾക്കും ജനങ്ങൾക്കും ഉണ്ടായ നാശനഷ്ടത്തിനും മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പുപറയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ സിൽവർലൈൻ വിഷയത്തിൽ ഇതുവരെ ജനങ്ങളോട് പറഞ്ഞത് എല്ലാം കള്ളമാണെന്ന് തെളിഞ്ഞു. സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ സിൽവർ ലൈനിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽ പറഞ്ഞതോടെയാണ് പ്രതികരണവുമായി സുരേന്ദ്രൻ രംഗത്തെത്തിയത്.

ഇരകൾക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. പൊലീസ് നരനായാട്ടിൽ പരിക്കേറ്റവർക്ക് സാമ്പത്തിക സഹായം നൽകണം.റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

ഇത്തരത്തിലോരു പ്രവർത്തനം നടത്തിയതിന് സംസ്ഥാന സർക്കാർ രാജ്യത്തോടും മാപ്പുറയണം.സിൽവർലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ- റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ- റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം തീർത്തു പറഞ്ഞു കഴിഞ്ഞു. കേരളത്തിന്റെ പരിസ്ഥിതിയേയും സാമ്പത്തിക മേഖലയേയും ബാധിക്കുന്ന പദ്ധതിയിൽ നിന്നും കേരളത്തിലെ ജനങ്ങളെ രക്ഷിച്ച നരേന്ദ്ര മോദി സർക്കാരിന് ബിജെപി കേരളഘടകം നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രൻ വ്യക്തമാക്കി.