ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചോദ്യം ചെയ്യലിന് ബുധനാഴ്ചയും ഹാജരാകണം. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച ആറ് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടുവെന്ന് അധികൃതർ അറിയിച്ചു. മൊഴി രേഖപ്പെടുത്തിയ ശേഷം ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ സെൻട്രൽ ഡൽഹിയിലെ ഇ.ഡി ഓഫീസിൽ നിന്ന് സോണിയ മടങ്ങി.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയാ ഗാന്ധിയെ ഇഡി വിളിച്ചുവരുത്തിയതിൽ പ്രതിഷേധിച്ചതിന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെയും മറ്റ് കോൺഗ്രസ് നേതാക്കളെയും പൊലീസ് വിട്ടയച്ചു. മല്ലികാർജുൻ ഖാർഗെ, രഞ്ജീത് രഞ്ജൻ, കെസി വേണുഗോപാൽ, മാണിക്കം ടാഗോർ, ഇമ്രാൻ പ്രതാപ്ഗർഹി, കെ സുരേഷ് തുടങ്ങിയ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്.

കേന്ദ്രസർക്കാരിന് പ്രതിപക്ഷത്തിന്റെ മനോവീര്യം തകർക്കാനാവില്ലെന്നു രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു. തൊഴിലില്ലായ്മ, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളിൽ ചോദ്യങ്ങൾ ഉന്നയിക്കരുതെന്നാണു സർക്കാർ നിലപാടെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചത്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാഷ്ട്രപതി ഭവൻ മാർച്ചിനിടെയാണ് ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. വിജയ്ചൗക്കിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നതിനിടെയായിരുന്നു ഇത്. തുടർന്ന് രാഹുലിനെ ബസിൽ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകയായിരുന്നു.

അതേസമയം, സത്യത്തിനായുള്ള പോരാട്ടം തുടരുമെന്നു പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. ബിജെപിയുടെ ഏകാധിപത്യം വ്യക്തമാണ്. പാർലമെന്റിൽ ചർച്ചയ്ക്കും പ്രതിഷേധത്തിനും അനുവദിക്കുന്നില്ലെന്നും പ്രിയങ്ക ആരോപിച്ചു.

അന്വേഷണ ഏജൻസികളെ കേന്ദ്രം രാഷ്ട്രീയ പകപോക്കലിന് ഉപയോഗിക്കുന്നുവെന്നും സാധാരണക്കാരെ ബാധിക്കുന്ന വിലക്കയറ്റത്തിൽ ചർച്ച അനുവദിക്കില്ലെന്നുമുള്ള പരാതിയുമായാണ് രാഷ്ട്രപതിയെ കാണാൻ പ്രതിഷേധ മാർച്ചായി എംപിമാർ നീങ്ങിയത്. പ്രതിഷേധ പ്രകടനങ്ങൾക്ക് നിരോധനമുള്ള വിജയ് ചൗക്കിൽ മാർച്ച് ഡൽഹി പൊലീസ് തടഞ്ഞു. ഇതോടെ എംപിമാർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൊടിക്കുന്നിൽ സുരേഷ്, രമ്യഹരിദാസ് , ടിഎൻ പ്രതാപൻ തുടങ്ങിയ എംപിമാരെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു.

പിന്നാലെ രാഹുൽഗാന്ധി റോഡിൽ കുത്തിയിരുന്ന് ഒറ്റക്ക് പ്രതിഷേധിച്ചു. കസ്റ്റഡിയിലെടുക്കുകയാണെന്നറിയിച്ചിട്ടും പ്രതിഷേധത്തിൽ നിന്ന് പിന്മാറാത്ത രാഹുൽഗാന്ധിയെയും ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുൽഗാന്ധിയടക്കമുള്ള നേതാക്കളെ പിന്നീട് കിങ്‌സ് വേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

വിജയ് ചൗക്കിൽ രാഹുൽഗാന്ധിയെയടക്കം കസ്റ്റഡിയിലെടുത്തതോടെ എഐസിസിയിൽ സമാധാനപരമായി പ്രതിഷേധിച്ച നേതാക്കളും പ്രവർത്തകരും പ്രകോപിതരായി. ഇതോടെ ബലപ്രയോഗത്തിലൂടെ പൊലീസ് പ്രതിഷേധക്കാരെ കീഴടക്കി. തലമുടിക്ക് കുത്തി പിടിച്ചാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വിശ്രീനിവാസിനെ കസ്റ്റഡിയിലെടുത്തത്. മുതിർന്ന നേതാക്കളായ അജയ് മാക്കൻ, പവൻകുമാർ ബൻസാൽ എന്നിവരും സച്ചിൻ പൈലറ്റടക്കമുള്ള മറ്റ് നേതാക്കളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വിലക്കയറ്റ വിഷയത്തിൽ പാർലെമെന്റിലും, സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയിൽ പുറത്തും പ്രതിഷേധം തുടരാനാണ് കോൺഗ്രസിന്റെ തീരുമാനം.