ഭോപ്പാൽ: മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിലെ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങിന് ഇരയാക്കിയ സംഭവത്തിൽ മുതിർന്ന വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു. സഹപാഠികൾക്കൊപ്പവും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സീനിയർ വിദ്യാർത്ഥികൾ തങ്ങളെ നിർബന്ധിക്കുകയായിരുന്നുവെന്ന് ജൂനിയർ വിദ്യാർത്ഥികൾ പൊലീസിനോട് പറഞ്ഞു. പ്രതികളുടെ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ഇൻഡോറിലെ എം.ജി.എം മെഡിക്കൽ കോളേജിലാണ് സംഭവം. തലയിണയ്‌ക്കൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി അഭിനയിച്ചു കാണിക്കാനും നിർബന്ധിച്ചു. സീനിയർ വിദ്യാർത്ഥികളുടെ ഫ്‌ളാറ്റുകളിൽ വച്ചായിരുന്നു സംഭവമെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ക്രൂരമായ റാഗിങ് വിവരം ജൂനിയർ വിദ്യാർത്ഥികൾ തന്നെയാണ് യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മീഷനേയും (യുജിസി) റാഗിങ് വിരുദ്ധ സെല്ലിനെയും വിളിച്ചറിയിച്ചത്.

സംഭവത്തിൽ യുജിസി ഇടപെടുകയും സീനിയർ വിദ്യാർത്ഥികൾക്കെതിരെ കോളേജ് നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന് പ്രതികൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. കോളേജിലെ എല്ലാ എം.ബി.ബി.എസ്. വിദ്യാർത്ഥികളുടേയും മൊഴി രേഖപ്പെടുത്തുമെന്ന് ഇൻഡോർ പൊലീസ് പറഞ്ഞു.