മലപ്പുറം: ദുബായിൽ നിന്നും നാട്ടിലേക്ക് തിരിച്ചെത്തിയ പ്രവാസി യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. കരിപ്പൂരിൽ വിമാനം ഇറങ്ങിയ മലപ്പുറം വാഴക്കാട് മണ്ഡലക്കടവ് സ്വദേശി ആഷിക്കിനെ(25)യാണ് കാണാതായതെന്ന് കുടുംബം വാഴക്കാട് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ദുബായിൽ ജോലിചെയ്യുന്ന ആഷിക് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിച്ചത്. എന്നാൽ ആഷിക് കരിപ്പൂരിൽ വിമാനം ഇറങ്ങിയ ശേഷം വീട്ടിൽ എത്തുകയോ വീട്ടുകാരെ ഫോണിൽ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് ഒരു സംഘം ആളുകൾ വീട്ടിലെത്തുകയും ആഷിക് കൊണ്ടുവന്ന കവർ ആവശ്യപ്പെട്ടുവെന്നുമാണ് വീട്ടുകാർ പറയുന്നത്.

എന്നാൽ ആഷിക് വീട്ടിൽ എത്തിയിട്ടില്ലെന്നും കവറിനെ കുറിച്ച് അറിയില്ലെന്നും വീട്ടുകാർ പറയുന്നു. അജ്ഞാത സംഘം ഭീഷണി സ്വരത്തിൽ വീട്ടുകാരോടു സംസാരിച്ചുവെന്നും കവർ തിരിച്ചു നൽകിയില്ലെങ്കിൽ പ്രശ്നമാകുമെന്നും എത്രയും വേഗം ഈ കവർ എത്തിക്കാൻ സംവിധാനമുണ്ടാക്കണമെന്നും ആവശ്യപ്പെട്ടു.

യുവാവിന്റെ ഭാര്യയും മൂന്നുപെൺമക്കളും ഭാര്യാമാതാവും താമസിക്കുന്ന വീട്ടിലേക്ക് ഫോണിൽ വിളിച്ച് വധഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു. സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കാരിയറായികൊണ്ടുവന്ന വസ്തു തിരിച്ചേൽപിക്കാതെ യുവാവ് മുങ്ങിയതാണെന്ന സംശയമാണു പൊലീസിനുള്ളത്.

സമാനമായി തന്നെയാണു ആഷികിന്റെ സഹോദരൻ റഹ്ത്തുള്ളയും പറയുന്നത്. കരിപ്പൂര് കേന്ദ്രീകരിച്ച് അടുത്തകാലത്ത് സ്വർണക്കടത്ത് സംഘങ്ങളുടെ കുടിപ്പകയും മറ്റും നടന്നിരുന്നു.സ്വർണ്ണക്കടത്ത് സംഘങ്ങളെ കേന്ദ്രീകരിച്ചും ഭീഷണിപ്പെടുത്താൻ എത്തിയവരെക്കുറിച്ചും പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.

അതേ സമയം തന്റെ കാര്യത്തിൽ ഇടപെടേണ്ടെന്ന് ഒളിവിൽ പോയ ആഷിക് തന്നോട് വാട്സ്ആപ്പ് കോളിലൂടെ ഇന്നലെ പറഞ്ഞതായും സഹോദരൻ റഹ്‌മത്തുള്ള പറഞ്ഞു. സംഭവത്തിന്റെ യാഥാർഥ്യം എന്താണെന്ന് അറിയില്ലെന്നും പ്രശ്നം എത്രയുംപെട്ടന്ന് തീർക്കുന്നതാണ് ഉചിതമെന്ന് താൻ പറഞ്ഞുവെന്നും റഹ്‌മത്തുള്ള പറഞ്ഞു.

മൂന്നാംതവണയാണു ആഷിഖ് ഗൾഫിൽപോയി വരുന്നത്. ആഷിന്റെ മൂന്നു പെൺമക്കളും ഭാര്യയും അവരുടെ മാതാവുമാണ് വാഴക്കാട്ടെ വീട്ടിൽ കഴിയുന്നത്. സഹോദരനായ റഹ്‌മത്തുള്ളയോട് ആഷിഖ് വാട്സ്ആപ്പ് കോളിലൂടെ സംസാരിച്ചത്. എന്നാൽ ഈ നമ്പറിലേക്ക് തിരിച്ചു വിളിച്ചു ലഭിക്കുന്നില്ലെന്ന് റഹ്‌മത്തുള്ള പറയുന്നു.