ഷില്ലോങ്: മേഘാലയിൽ റിസോർട്ടിന്റെ മറവിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതിനു പിന്നാലെ ഒളിവിൽപ്പോയ ബിജെപി നേതാവ് യുപിയിൽ നിന്നും അറസ്റ്റിൽ. മേഘാലയ ബിജെപി ഉപാധ്യക്ഷനായ ബെർണാഡ് എൻ.മാരകാണ് അറസ്റ്റിലായത്. അനാശാസ്യ കേന്ദ്രം പൊലീസ് പൂട്ടിച്ചതു മുതൽ ഒളിവിലായിരുന്ന ഇയാളെ ഉത്തർപ്രദേശിലെ ഹാപുർ ജില്ലയിൽനിന്നാണ് പിടികൂടിയത്.

ഗാരോ ഹില്ലിലെ സ്വയംഭരണ ജില്ലാ കൗൺസിലിലെ ജനപ്രതിനിധിയാണ് ബെർണാഡ്. ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെ മേഘാലയ പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചു. ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി മണിക്കൂറുകൾക്കകം നേതാവ് അറസ്റ്റിലായി.

നേരത്തെ, വെസ്റ്റ് ഗാരോ ഹിൽസ് ജില്ലയിൽ ബെർണാഡിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഇവിടെ അനാശാസ്യ കേന്ദ്രം പ്രവർത്തിച്ചിരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച പകലുമായാണ് റെയ്ഡ് നടന്നത്. റിസോർട്ടിൽ വൃത്തിഹീനമായ മുറികളിൽ പൂട്ടിയിട്ട നിലയിൽ പ്രായപൂർത്തിയാകാത്ത ആറുപേരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് മോചിപ്പിച്ചു.

രണ്ടു ദിവസങ്ങളിലായി നടത്തിയ റെയ്ഡിൽ 73 പേരെ അറസ്റ്റു ചെയ്തു. 47 പുരുഷന്മാരെയും 26 സ്ത്രീകളെയുമാണ് അറസ്റ്റ് ചെയ്തത്. റെയ്ഡിനായി എത്തുമ്പോൾ ഇവരിൽ പലരും മദ്യപിച്ച് നഗ്‌നരായ നിലയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. വിശദമായ പരിശോധനയിൽ വലിയ അളവിൽ മദ്യവും 500ൽ അധികം ഗർഭനിരോധന ഉറകളും മൊബൈൽ ഫോണുകളും വിവിധ രേഖകളും പിടിച്ചെടുത്തു.

പോക്‌സോ കേസിലടക്കം പ്രതിയായ ബെർണാഡ് ഭരണകക്ഷിയായ മേഘാലയ ഡെമോക്രാറ്റിക് അലൈൻസുമായി നിരന്തരം വാഗ്വാദങ്ങളിൽ ഏർപ്പെട്ട് വാർത്തകളിൽ ഇടം നേടാറുണ്ട്.