- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞാനിപ്പോൾ വിവാഹിതയാകുന്നില്ല; ആ വാർത്ത ആരോ കെട്ടിച്ചമച്ചത്: ഫേസ്‌ബുക്ക് ലൈവിലെത്തി വിവാഹ വാർത്ത നിഷേധിച്ച് നിത്യാ മേനോൻ
താൻ വിവാഹിതയാകുന്നു എന്ന വാർത്ത നിഷേധിച്ച് നടി നിത്യാ മേനോൻ. താൻ ഇപ്പോൾ വിവാഹിതയാകുന്നില്ലെന്നും ആ വാർത്ത ആരോ കെട്ടിച്ചമച്ചതെന്നും താരം വെളിപ്പെടുത്തി. വിവാഹം ചിത്രീകരിക്കാൻ താൽപര്യമുണ്ടെന്നും വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചു കൊണ്ടാണ് താരം ഫേസ്‌ബുക്ക് വീഡിയോയിലെത്തി. തൽക്കാലം വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും ഏറ്റെടുത്ത പ്രോജക്ടുകളുടെ ചിത്രീകരണം അവസാനിച്ചതിനാൽ ചെറിയൊരു ഇടവേള എടുക്കുകയാണെന്നും നിത്യ മേനൻ ആരാധകരോടു വെളിപ്പെടുത്തി.
നിത്യ മേനന്റെ വാക്കുകൾ ഇങ്ങനെ: ''ഞാനിപ്പോൾ വിവാഹിതയാകുന്നില്ല. ആ വാർത്ത ആരോ കെട്ടിച്ചമച്ചതാണ്. അങ്ങനെയൊരു പ്ലാനും ഇല്ല. അങ്ങനെ ഒരാളും ഇല്ല. പിന്നെ, അഭിനയത്തിന് ഇടയ്ക്ക് ചില ഇടവേളകൾ പതിവായി ഞാൻ എടുക്കാറുണ്ട്. എന്നെത്തന്നെ തിരിച്ചു പിടിക്കാൻ അത്തരത്തിലൊരു സമയം എനിക്ക് ആവശ്യമാണ്. അങ്ങനെ ഇടവേളകളെടുക്കുന്ന വ്യക്തിയും അഭിനേതാവുമാണ് ഞാൻ. എനിക്ക് റോബട്ടിനെ പോലെ തുടർച്ചയായി ജോലി എടുക്കാൻ സാധിക്കില്ല.
വളരെ തിരക്കേറിയ ഒരു വർഷമായിരുന്നു കഴിഞ്ഞു പോയത്. അഞ്ചാറു പ്രോജക്ടുകൾ തീർക്കാനുണ്ടായിരുന്നു. അതെല്ലാം ഇപ്പോൾ പൂർത്തിയായി. അവയെല്ലാം റിലീസിനൊരുങ്ങുകയാണ്. അതാണ് ഏറ്റവും സന്തോഷകരമായ വാർത്ത. പിന്നെ, ഞാനൊരു വെക്കേഷനൊരുങ്ങുകയാണ്. അങ്ങനെയൊരു ഇടവേള എനിക്ക് ആവശ്യമാണെന്നു തോന്നി. അതുകൊണ്ട്, വിവാഹത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്തു തരാമെന്നുമൊക്കെ പറഞ്ഞുള്ള ഫോൺ വിളികളും സന്ദേശങ്ങളും ദയവു ചെയ്ത് ഒഴിവാക്കണം. എനിക്ക് അങ്ങനെയൊരു പ്ലാനില്ല.
എന്റെ കാലിനു ചെറിയൊരു പരുക്ക് പറ്റിയിരുന്നു. ഇപ്പോൾ കുറച്ച് നടക്കാൻ തുടങ്ങി. ആ സമയവും ഞാൻ ഏറെ ആസ്വദിച്ചു. പൂർണമായും കിടക്കിയിൽ തന്നെയായിരുന്നു. മാത്രമല്ല വർക്കുകളെല്ലാം തീർന്ന സമയത്താണ് പരുക്ക് പറ്റുന്നത്. അതും ഈ സമയം ആഘോഷിക്കാൻ ഒരു കാരണമായി. എന്റെ അവധിക്കാലം തുടങ്ങിക്കഴിഞ്ഞു.''നിത്യ മേനൻ പറഞ്ഞു.