മംഗളൂരു: കർണാടകയിൽ ബിജെപി. യുവമോർച്ച പ്രവർത്തകനെ അജ്ഞാത സംഘം വെട്ടിക്കൊന്നു. യുവമോർച്ച ജില്ലാ സെക്രട്ടറി പ്രവീൺ നെട്ടാരുവാണ് ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ടത്. ദക്ഷിണ കന്നഡയിലെ ബെല്ലാരെയിലാണ് സംഭവം. ആക്രമികൾക്ക് കേരളാ ബന്ധമെന്ന് സംശയമുണ്ട്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കൊല നടത്തിയതെന്നു ദൃക്‌സാക്ഷികൾ പൊലീസിന് മൊഴി നൽകി. കേരളകർണാടക അതിർത്തി പ്രദേശമാണ് ബെല്ലാരി.

ബെല്ലാരിക്ക് സമീപം കോഴിക്കട നടത്തിയിരുന്ന പ്രവീൺ, കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത അക്രമിസംഘം പ്രവീണിനെ മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. വടിവാൾ ഉപയോഗിച്ചാണ് പ്രവീണിനെ അക്രമിച്ചത്. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബിജെപി. പ്രവർത്തകർ ബെല്ലാരി പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. പൊലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ 'വീ വാണ്ട് ജസ്റ്റിസ്' മുദ്രാവാക്യങ്ങൾ വിളിച്ചു. തുടർന്ന് മണിക്കൂറുകളോളം പ്രവർത്തകർ റോഡ് ഉപരോധിക്കുകയും ചെയ്തു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്.

സംഭവത്തിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രവീണിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പ്രവീണിന്റെ കുടുംബത്തിന് ഉടൻ നീതി ലഭിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.