ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ പത്തുവർഷത്തിനിടെ ചത്തത് 1059 കടുവകളെന്ന് റിപ്പോർട്ട്. മധ്യപ്രദേശിലാണ് ഏറ്റവും കൂടുതൽ കടുവകൾ ചത്തതെന്ന് നാഷണൽ ടൈഗർ കൺസർവേഷൻ അഥോറിറ്റിയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തിനിടെ ഏറ്റവും കുടുതൽ കടുവകൾ ചത്തത് 2021 വർഷത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഈ വർഷം ജനുവരി മുതൽ ജൂലായ് വരെ 75 കടുവകളാണ് ചത്തത്. കഴിഞ്ഞവർഷം 127 കടുവകൾ ചത്തു. രാജ്യത്ത് ഏറ്റവും കുടുതൽ കടുവസംരക്ഷണകേന്ദ്രമുള്ള മധ്യപ്രദേശിൽ പത്തുവർഷത്തിനിടെ 270 കടുവകളാണ് ചത്തത്.

മഹാരാഷ്ട്ര 183, കർണാടക 150, ഉത്തരാഖണ്ഡ് 96, അസം 72, തമിഴ്‌നാട് 66, ഉത്തർപ്രദേശ് 56, കേരളം 55 എന്നിങ്ങനെയാണ് കണക്കുകൾ. രാജസ്ഥാൻ, ബിഹാർ, പശ്ചിമബംഗാൾ, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളിൽ യഥാക്രമം 25,17,13,11,11 കടുവകളാണ് ചത്തത്.

കഴിഞ്ഞ ഒന്നരവർഷത്തിനിടെ മധ്യപ്രദേശിൽ 68 കടുവകൾ ചത്തപ്പോൾ മഹാരാഷ്ട്രയിൽ ഈ കാലയളവിൽ 42 കടുവകൾ ചത്തു. 2018ലെ കടുവ സെൻസസ് അനുസരിച്ച് ഏറ്റവും കൂടുതൽ കടുവകളുള്ള സംസ്ഥാനങ്ങൾ മധ്യപ്രദേശും കർണാടകയുമാണ്.