ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാൽസംഗക്കേസിൽ അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത നാലു പ്രതികൾക്ക് ജാമ്യം ലഭിച്ചു. ജൂൺ ആദ്യവാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയായിരുന്നു. തെലങ്കാന എംഎ‍ൽഎയുടെ മകനടക്കം കേസിലെ പ്രതികളാണ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ഇവർക്ക് ജാമ്യം നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും തിങ്കളാഴ്ച ജില്ലാ പ്രോബേഷൻ ഓഫീസറുടെ മുൻപാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം.

കേസിൽ കസ്റ്റഡിയിലെടുത്ത അഞ്ചാമത്തെയാൾ ജുവനൈൽ ഹോമിൽ തുടരുകയാണ്. ഇയാളും ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ സദുദ്ദീൻ മാലിക് ജയിലിലാണ്. കേസിലെ ഏക പ്രായപൂർത്തിയായ പ്രതിയും ഇയാളാണ്.

ഹൈദരാബാദ് ജൂബിലി ഹിൽ ഭാഗത്ത് വെച്ച് മെയ് 28 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പബ്ബിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന 17 കാരിയെ കയറ്റിക്കൊണ്ടുപോയി ഇന്നോവ കാറിൽ വെച്ച് പീഡിപ്പിച്ചുവെന്നുമാണ് കേസ്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർത്ഥികളായ അഞ്ചുപേർ ഉൾപ്പെടെ ആറുപേരെയാണ് കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത രാഷ്ട്രീയ ബന്ധമുള്ള കുട്ടികൾ എന്ന നിലയിൽ വലിയ പ്രതിഷേധം സംഭവവുമായി ബന്ധപ്പെട്ട് തെലങ്കാനയിൽ അരങ്ങേറിയിരുന്നു. തുടർന്ന് ജൂൺ ആദ്യ ആഴ്ച ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വീട്ടിൽ വിടാമെന്ന് പറഞ്ഞാണ് പെൺകുട്ടിയെ കാറിൽ കയറ്റിയത്. തുടർന്ന് കോഫി ഷോപ്പിലും കേക്ക് ഷോപ്പിലും പോയി. ഇവിടെ നിന്നും ഇന്നോവ കാറിലേക്ക് മാറുകയും വാഹനം പാർക്ക് ചെയ്ത് മാറി മാറി പ്രതികൾ ബലാത്സംഗം ചെയ്യുകയുമായിരുന്നു. കൂടെയുള്ളവർ പുറത്ത് കാവൽ നിൽക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് സ്ത്രീകൾക്കെതിരായുള്ള അതിക്രമ കേസ് ചുമത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീടാണ് ഇത് ബലാത്സംഗക്കേസാക്കി മാറ്റി രജിസ്റ്റർ ചെയ്തത്.

കേസിൽ ആറ് പേരാണ് അറസ്റ്റിലായിരുന്നത്. സാദുദ്ദീൻ മാലിക്ക് എന്നയാൾക്ക് മാത്രമാണ് പ്രായപൂർത്തിയായത്. പ്രായപൂർത്തിയാകാത്ത മറ്റൊരു വ്യക്തി ജാമ്യത്തിനായി തെലങ്കാന ഹൈക്കോടതിയെ സമീപിക്കും വരെ ഇയാൾ ജുവനൈൽ ഹോമിൽ തുടരുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി. ചന്ദ്രശേഖര റാവു സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്.