ചെന്നൈ: തമിഴ്‌നാട്ടിൽ പ്ലസ് ടു വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ശിവഗംഗയിലെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് ആൺകുട്ടിയെ കണ്ടെത്തിയത്. രണ്ടാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ആത്മഹത്യ കേസാണ് ഇത്.

ആത്മഹത്യാകുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കണക്ക്, ബയോളജി വിഷയങ്ങൾ ബുദ്ധിമുട്ടേറിയതിനിലാണ് ആത്മഹത്യ എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ രണ്ടാഴ്ചകളിലായി നാല് വിദ്യാർത്ഥിനികളാണ് തമിഴ്‌നാട്ടിൽ ആത്മഹത്യ ചെയ്തത്. ഇതിൽ മൂന്ന് മരണം കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഒരു മരണം ഇന്ന് രാവിലെയുമാണ് സംഭവിച്ചത്. ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി കടുത്ത വയറുവേദന അനുഭവിച്ചിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.

ശിവകാശിക്ക് സമീപമുള്ള അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥി ഇന്നലെ തൂങ്ങിമരിച്ചിരുന്നു. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമ്മാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. കള്ളക്കുറിച്ചിക്കും തിരുവള്ളൂരിനും കടലൂരിനും ശേഷമാണ് അയ്യംപെട്ടിയിൽ നിന്നുള്ള ഈ സങ്കടവാർത്ത പുറത്തുവന്നത്.

പ്ലസ് ടു വിദ്യാർത്ഥികളുടെ ആത്മഹത്യ കേസുകൾ കൂടി വരുന്നതിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന ചിന്തകളിൽനിന്ന് അകന്നുനിൽക്കണമെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.