കൊൽക്കത്ത: ബംഗാളിലെ 38 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർക്ക് ബിജെപിയുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി ബിജെപി നേതാവും നടനുമായ മിഥുൻ ചക്രവർത്തി. 'നിങ്ങൾക്ക് ബ്രേക്കിങ് ന്യൂസ് കേൾക്കണോ? 38 തൃണമൂൽ കോൺഗ്രസ് എംഎൽഎമാർക്ക് ഞങ്ങളുമായി നല്ല ബന്ധമാണ് ഉള്ളത്. അതിൽ 21 എംഎൽഎമാർ ഞങ്ങളുമായി നേരിട്ട് ബന്ധം പുലർത്തുന്നു'. കൊൽക്കത്തയിലെ ബിജെപി ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മിഥുൻ ചക്രവർത്തി വെളിപ്പെടുത്തി.

പശ്ചിമബംഗാളിൽ ബിജെപി ഓപ്പറേഷൻ താമരയ്ക്ക് പദ്ധതിയിടുന്നതായും തൃണമൂൽ സർക്കാരിനെ താഴെയിറക്കാൻ കോപ്പുകൂട്ടുകയാണെന്നുമുള്ള മുഖ്യമന്ത്രി മമത ബാനർജിയുടെ ആരോപണത്തിന് പിന്നാലെയാണ് മിഥുൻ ചക്രവർത്തിയുടെ പ്രസ്താവന.

കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാൻ ആവശ്യപ്പെട്ട മാധ്യമപ്രവർത്തകരോട് ട്രെയിലർ റിലീസ് ചെയ്യാൻ തന്നോട് ആവശ്യപ്പെടരുതെന്നും നിങ്ങൾ ഇതൊക്കെ ആസ്വദിക്കൂ എന്നുമായിരുന്നു മിഥുൻ ചക്രവർത്തിയുടെ പ്രതികരണം.

ബിജെപി എംഎ‍ൽഎമാരുമായി കൂടിക്കാഴ്ച നടത്താൻ കൊൽക്കത്തയിൽ എത്തിയതായിരുന്നു മിഥുൻ ചക്രവർത്തി. പശ്ചിമ ബംഗാളിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന മന്ത്രി പാർത്ഥ ചാറ്റർജിയെ അടുത്തിടെ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും മിഥുൻ ചക്രവർത്തി പ്രതികരിച്ചു.

തനിക്കെതിരായ ആരോപണം വ്യാജമാണെന്ന് ഉറപ്പുള്ള വ്യക്തിക്ക് സമാധാനമായി ഉറങ്ങാം. പക്ഷേ ആരോപണത്തിന് തെളിവുണ്ടെങ്കിൽ ആ വ്യക്തിയെ രക്ഷിക്കാൻ ആർക്കും കഴിയില്ല. പ്രധാനമന്ത്രിയും രാഷ്ട്രപതിയും പോലും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.

മിഥുൻ ചക്രവർത്തിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും ഒരാൾ പോലും മിഥുൻ ചക്രവർത്തിയുടെ വാക്കുകൾ വിശ്വസിക്കില്ലെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. അദ്ദേഹം ആശുപത്രിയിലാണെന്ന് കേട്ടിരുന്നു, രോഗം ശാരീരികമല്ല മാനസികമാണെന്നാണ് എനിക്ക് തോന്നുന്നത്. തൃണമൂൽ എംപി ശന്തനു സെൻ പറഞ്ഞു.

മഹാരാഷ്ട്രയിൽ ശിവസേനയിൽ പിളർപ്പുണ്ടായതും ഉദ്ധവ് താക്കറെ സർക്കാർ വീണതും ബിജെപിയുടെ പിൻകളിയാണെന്നും ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാളാണെന്ന് മനസിലാക്കിയതായും രണ്ട് ദിവസം മുമ്പ് മമത ആരോപിച്ചിരുന്നു. ബംഗാളിൽ ഇത്തരം കരുക്കളുമായെത്തിയാൽ ബിജെപി കടുത്ത പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് മമത മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി നേതാക്കൾ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ, മമത ബാനർജിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ വന്നതിനു പിന്നാലെ നിരവധി പേർ ബിജെപി വിട്ട് തൃണമൂലിൽ തിരിച്ചെത്തി.