ന്യൂഡൽഹി: 'ഞാനാരാണെന്ന് അറിയാമോ' എന്ന് അഞ്ച് വയസ്സുകാരിയോട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചോദ്യം. പിന്നാലെ മറുപടിയെത്തി 'അറിയാം, നിങ്ങളാണ് മോദി ജി, നിങ്ങളെ എല്ലാ ദിവസവും ടിവിയിൽ കാണാറുണ്ട്'. മധ്യപ്രദേശിൽ നിന്നുള്ള ബിജെപി എംപി അനിൽ ഫിറോജിയയുടെ മകൾ അഹാന ഫിറോജിയയോടായിരുന്നു പ്രധാനമന്ത്രിയുടെ ചോദ്യം.

കുടുംബവുമൊത്ത് പ്രധാനമന്ത്രിയെ കാണാൻ പാർലമെന്റിൽ എത്തിയപ്പോഴാണ് രസകരമായ സംഭവമുണ്ടായത്. പ്രധാനമന്ത്രിയുടേയും മോദിയെ കാണാനെത്തിയ എട്ട് വയസ്സുകാരി ആഹാനയുടേയും സംസാരം അൽപനേരം പാർലമെന്റ് അംഗങ്ങൾക്കും കൗതുകം പകർന്നു.

'ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയാമോ'യെന്ന പ്രധാനമന്ത്രിയുടെ ചോദ്യത്തിനും കുട്ടി മറുപടി നൽകി. 'നിങ്ങൾ ലോക്‌സഭയിൽ ജോലി ചെയ്യുന്നു' ഇതായിരുന്നു മറുപടി. ഇതുകേട്ട് പ്രധാനമന്ത്രിയും കേട്ടുനിന്ന മറ്റുള്ളവരും ചിരിച്ചു. ചോക്ലേറ്റ് സമ്മാനമായി നൽകിയാണ് പ്രധാനമന്ത്രി അഹാനയെ യാത്രയാക്കിയത്.