തൃശൂർ: ഓർത്തഡോക്‌സ് സഭയിലെ ഏഴ് പുതിയ മെത്രാപ്പൊലീത്തമാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഇന്ന് സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഏബ്രഹാം തോമസ് റമ്പാൻ, പി.സി.തോമസ് റമ്പാൻ, ഡോ. ഗീവർഗീസ് ജോഷ്വ റമ്പാൻ, ഗീവർഗീസ് ജോർജ് റമ്പാൻ, കൊച്ചുപറമ്പിൽ ഗീവർഗീസ് റമ്പാൻ, ഡോ. കെ. ഗീവർഗീസ് റമ്പാൻ, ചിറത്തിലാട്ട് സഖറിയ റമ്പാൻ എന്നിവരാണ് ഇന്നു മെത്രാന്മാരായി സ്ഥാനമേൽക്കുന്നത്.

രാവിലെ 6ന് പ്രഭാത നമസ്‌കാരത്തിന് ശേഷം കുർബാനയുടെ മധ്യേ രണ്ട് ഘട്ടങ്ങളായാണു സ്ഥാനാരോഹണ ശുശ്രൂഷ. കുർബാനയ്ക്കു മുന്നോടിയായി ഏഴ് നിയുക്ത മെത്രാപ്പൊലീത്തമാരും ധ്യാനത്തിലിരിക്കും. ഇതിനായി ഇവരെ സഭയിലെ ഇപ്പോഴുള്ള 23 മെത്രാപ്പൊലീത്തമാരും ചേർന്ന് ആനയിക്കും.

രണ്ടാംഘട്ടത്തിൽ കൈവയ്പ് ശുശ്രൂഷ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവഹിക്കും. തുടർന്നു പട്ടാഭിഷേക പ്രഖ്യാപനം. ഈ സമയത്ത് പുതിയ മെത്രാപ്പൊലീത്തമാരുടെ പേരുകൾ പ്രഖ്യാപിക്കും. തുടർന്ന് അംശവസ്ത്രങ്ങൾ ധരിപ്പിച്ച് സിംഹാസനാരോഹണം. കസേരയിൽ ഇരുത്തി ഉയർത്തുന്ന ചടങ്ങ് കഴിഞ്ഞാലുടൻ അംശവടി നൽകുന്നതോടെ ശുശ്രൂഷകൾ പൂർത്തിയാകും. നവ മെത്രാപ്പൊലീത്തമാരിൽ മുതിർന്നയാളാണു കുർബാന പൂർത്തിയാക്കുക.

ഉച്ചയ്ക്കു 12ന് അവസാനിക്കുന്ന ഈ ചടങ്ങിനു ശേഷം 2ന് അനുമോദന സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ്, രമ്യ ഹരിദാസ് എംപി, എ.സി. മൊയ്തീൻ എംഎൽഎ എന്നിവർ പങ്കെടുക്കും. തുടർന്നു സ്വീകരണ ഘോഷയാത്ര നടക്കും.