വിജയവാഡ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വാടക വീട്ടിൽ താമസിപ്പിച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ ഗുഡിവാഡ സ്വദേശിയായ മുപ്പതുവയസ്സുകാരിയെയാണ് പോക്‌സോ കേസിൽ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ വീടിന് സമീപ പ്രദേശത്തു താമസിച്ചിരുന്ന 15 വയസ്സുകാരനെയാണ് ഇവർ തട്ടിക്കൊണ്ടുപോയതെന്നും ഹൈദരാബാദിലെ ബാലനഗറിൽനിന്നാണ് രണ്ടുപേരെയും കണ്ടെത്തിയതെന്നും പൊലീസ് പറഞ്ഞു.

ജൂലായ് 19-ാം തീയതി മുതലാണ് എട്ടാംക്ലാസ് വിദ്യാർത്ഥിയായ 15-കാരനെ കാണാതായത്. സുഹൃത്തുക്കളെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി രാത്രി വൈകിയിട്ടും തിരികെ എത്തിയിരുന്നില്ല. ഇതോടെ വീട്ടുകാർ അന്വേഷണം ആരംഭിച്ചു.

ഇതിനിടെയാണ് സമീപത്തുതന്നെ താമസിക്കുന്ന ഭർത്താവും രണ്ട് കുട്ടികളുമുള്ള യുവതിയെയും കാണാതായിട്ടുണ്ടെന്ന വിവരമറിഞ്ഞത്. ഇതോടെ സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

പ്രത്യേകസംഘത്തെ നിയോഗിച്ചാണ് പൊലീസ് കേസിൽ അന്വേഷണം നടത്തിയത്. ചൊവ്വാഴ്ചയാണ് യുവതിയും 15-കാരനും ഹൈദരാബാദിലെ വാടകവീട്ടിൽ കഴിയുന്നതായി വിവരം ലഭിച്ചത്. തുടർന്ന് ഹൈദരാബാദിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയ യുവതി നേരത്തെയും 15-കാരനെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ വീട്ടിൽവച്ചാണ് പലതവണ കുട്ടിയെ ചൂഷണം ചെയ്തത്. തുടർന്ന് 15-കാരനോടൊപ്പം സ്ഥിരമായി ജീവിക്കാനും ലൈംഗിക ചൂഷണം തുടരാനും പ്രതി ആഗ്രഹിച്ചു. ഇതോടെയാണ് കുട്ടിയുമായി നാടുവിട്ട് മറ്റൊരിടത്ത് താമസിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് പറഞ്ഞു.