- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗളൂരുവിനെ നടുക്കി വീണ്ടും കൊലപാതകം; പുത്തൂരു സൂറത്കലിൽ കാറിലെത്തിയ നാലംഗ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മംഗളൂരുവിൽ തുണിക്കട നടത്തുന്നയാൾ; കടയും ആക്രമിച്ചു; അന്വേഷണം തുടങ്ങി
മംഗളൂരു: യുവമോർച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ അതീവ ജാഗ്രത തുടരുന്ന മംഗളൂരുവിനെ നടുക്കി വീണ്ടും കൊലപാതകം. സൂറത് കലിൽ യുവാവിനെ നാലംഗ അജ്ഞാത സംഘം വെട്ടിക്കൊന്നു. സൂറത്കൽ മംഗലപ്പെട്ട സ്വദേശി ഫാസിലാണ് കൊലപ്പെട്ടത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ.
ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്. മങ്കി ക്യാംപ് ധരിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത്. ഫാസിലിനെ വെട്ടിവീഴ്ത്തിയ സംഘം കടയും ആക്രമിച്ചു. ഈ സമയം കടയിലുണ്ടായിരുന്നവർ പുറത്തേക്ക് ഇറങ്ങിയെങ്കിലും അക്രമിസംഘം ഇവരെ മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ വാഹനത്തിൽ രക്ഷപ്പെട്ടുവെന്നാണ് വിവരം.
രാത്രി 8.30 ഓടേ കടയ്ക്ക് മുന്നിലാണ് സംഭവം. ഹ്യുണ്ടായി കാറിൽ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സാമ്പത്തിക തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പൊലീസ് പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കൂട്ടുകാരന്റെ കടയിൽ പോയി മടങ്ങുമ്പോഴാണ് അജ്ഞാത സംഘം യുവാവിനെ ആക്രമിച്ചത്. ഫാസിൽ എസ്ഡിപിഐ പ്രവർത്തകനായിരുന്നു എന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
മംഗലൂരു സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉന്നത പൊലീസ് സംഘം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. നാലംഗ സംഘം ഫാസിലിനെ ഓടിച്ചിട്ട് വെട്ടുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ ഉള്ളത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ല എന്നാണ് പൊലീസിന്റെ പ്രതികരണം.
യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറിന്റ കൊലപാതകത്തെ തുടർന്ന് മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വ്യാപകമായി പൊലീസ് നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യ ഇന്ന് പ്രവീണിന്റെ വീട് സന്ദർശിച്ച് ബെംഗളൂരിവിലേക്ക് മടങ്ങിപ്പോയതിന് തൊട്ടു പിന്നാലെയാണ് സൂരത്കലിലെ കൊലപാതകം.
സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരെയുടെ കൊലപാതകത്തിൽ രണ്ട് പേർ അറസ്റ്റിലായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ സാക്കിർ, മുഹമ്മദ് ഷെഫിക്ക് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിർത്തിയായ ബെള്ളാരയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. കർണാടകത്തിലെ ഹസൻ സ്വദേശിയാണ് സാക്കിർ. സാക്കിറിനെതിരെ നേരത്തെയും കേസുകളുണ്ട്. സംഭവത്തിൽ 15 പേരെ ചോദ്യം ചെയ്തതായി ദക്ഷിണ കന്നഡ എസ്പി പറഞ്ഞു.
പ്രവീൺ നെട്ടാരെയുടെ കൊലപാതകികൾ എത്തിയെന്ന് സംശയിക്കുന്ന ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്തിരുന്നു. കേരള രജിസ്ട്രേഷനുള്ള ബൈക്കാണ് കസ്റ്റഡിയിൽ എടുത്തത്. കേരളാ രജിസ്ട്രേഷൻ ബൈക്കുകളിലാണ് പ്രതികളെത്തിയതെന്നാണ് ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം കേരളത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം ഉടൻ കേരളത്തിലെത്തും. അന്വേഷണത്തിൽ സഹകരണമാവശ്യപ്പെട്ട് മംഘളൂരു എസ്പി, കാസർകോട് എസ്പിയുമായി സംസാരിച്ചു. സഹായം ഉറപ്പ് നൽകണമെന്ന് കർണാടക ഡിജിപി, കേരള ഡിജിപിയോട് ആവശ്യപ്പെട്ടതായാണ് വിവരം.
ന്യൂസ് ഡെസ്ക്