കറാച്ചി: തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിംപ്യാഡിൽ നിന്ന് പാക്കിസ്ഥാൻ അവസാന നിമിഷം പിന്മാറി. ചെസ് ഒളിംപ്യാഡിന്റെ ദിപശിഖാ പ്രയാണം ജമ്മു-കശ്മീരിലൂടെ കടന്നുപോയതിൽ പ്രതിഷേധിച്ചാണ് ടൂർണമെന്റിൽ നിന്ന് പിന്മാറുകയാണെന്ന് പാക്കിസ്ഥാൻ അറിയിച്ചത്.

പാക്കിസ്ഥാന്റെ പിന്മാറ്റം നിർഭാഗ്യകരമാണെന്ന് പ്രതികരിച്ച വിദേശകാര്യ വകുപ്പ് വക്താവ് അരിന്ദം ബാഗ്ചി കായിക മത്സരങ്ങളെ രാഷ്ട്രീവൽക്കരിക്കുന്ന പാക് നിലപാടിനെ അപലപിക്കുകയും ചെയ്തു. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു, കശ്മീർ, ലഡാക്ക് മേഖലകൾ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അത് അങ്ങനെ തന്നെയായിരിക്കുമെന്നും ബാഗ്ചി പറഞ്ഞു.

ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ പാക്കിസ്ഥാനെ ക്ഷണിച്ചത് രാജ്യന്തര ചെസ് ഫെഡറേഷനാണെന്നും(ഫിഡെ) ടൂർണമെന്റിൽ നിന്ന് പൊടുന്നനെ പിന്മാറാനുള്ള പാക് തീരുമാനം ആശ്ചര്യപ്പെടുത്തിയെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.