- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ധ്യംകരിച്ച തെരുവുനായ ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു; തെരുവുനായ വന്ധ്യംകരണപദ്ധതി സംശയ നിഴലിൽ
കൊല്ലം: 'വന്ധ്യംകരിച്ച' നായ ആറു കുഞ്ഞുങ്ങളെ പ്രസവിച്ചു. തെരുവുനായ വന്ധ്യംകരണ പദ്ധതിപ്രകാരം മാസങ്ങൾക്കുമുമ്പ് വന്ധ്യം കരിച്ച നായയാണ് ആറു കുഞ്ഞുങ്ങളെ പ്രസവിച്ചത്. കഴിഞ്ഞ ദിവസം ഭക്ഷണം നൽകാനെത്തിയവരാണ് നായ പ്രസവിച്ചുകിടക്കുന്നതു കണ്ടത്. കൊല്ലം കോർപ്പറേഷന്റെ പോളയത്തോട് വ്യാപാരസമുച്ചയത്തിനു സമീപം അമ്മയും കുഞ്ഞുങ്ങളും സുഖമായി കഴിയുന്നു.
മാർച്ചിലാണ് കൊല്ലം കോർപ്പറേഷൻ തെരുവുനായ വന്ധ്യംകരണ പദ്ധതി ഊർജിതമാക്കിയത്. ഡോഗ് ഹാൻഡ്ലർമാരെയും ഡോക്ടർമാരെയും ഇതിനായി നിയോഗിക്കുകയും ചെയ്തു. അഞ്ചാലുംമൂട് മൃഗാശുപത്രിയിലാണ് വന്ധ്യംകരണം നടന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എത്തിച്ച നായകളെ ഇവിടെവെച്ച് വന്ധ്യംകരിച്ചു. പോളയത്തോട്ടിൽനിന്നുള്ള നായയെയും കൂട്ടത്തിൽ കൊണ്ടുപോയിരുന്നു. ദിവസങ്ങൾക്കുശേഷം നായയെ തിരികെ കൊണ്ടുവിട്ടു. ശസ്ത്രക്രിയ നടത്തിയത് തിരിച്ചറിയാൻ ചെവിയിൽ അടയാളപ്പെടുത്തലും ഉണ്ടായിരുന്നു. എന്നാൽ വന്ധ്യംകരണ പരിപാടിക്ക് മാസങ്ങൾക്കകം തന്നെ നായ പ്രസവിക്കുക ആയിരുന്നു.
വന്ധ്യംകരിക്കാതെയാണ് നായയെ തിരികെക്കൊണ്ടുവിട്ടതെന്ന് നാട്ടുകാർ പറയുന്നു. കോർപ്പറേഷൻ മാർച്ചിൽ ധൃതിപ്പെട്ടാണ് വന്ധ്യംകരണപദ്ധതി നടപ്പാക്കിയതെന്നും വന്ധ്യംകരണത്തിന് കൃത്യമായ മേൽനോട്ടമുണ്ടായില്ലെന്നും ആരോപണമുണ്ട്. സംഭവം സംബന്ധിച്ച് കോർപ്പറേഷൻ അധികൃതർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വന്ധ്യംകരണപദ്ധതി നടപ്പാക്കുന്നതിൽ വീഴ്ചവരുത്തിയവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് ഡെപ്യൂട്ടി മേയർ കൊല്ലം മധു അറിയിച്ചു.