ബെംഗളൂരു: സുള്ള്യയിലെ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതക കേസ് എൻഐഎ അന്വേഷണക്കും. എൻഐഎക്ക് കേസ് കൈമാറാൻ കർണാടക സർക്കാർ തീരുമാനിച്ചു. കേസിന്റെ ഗൗരവസ്വഭാവം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബസവ് രാജ് ബൊമ്മൈ പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കർണാടകയിലെത്തി ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ സൂചന ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ഈ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് സംസ്ഥാനങ്ങളിലാണ് ഗൂഢാലോചന നടന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ സംസ്ഥാനങ്ങൾ ഏതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. പ്രവീൺ നെട്ടാരുവിന്റെ കൊലപാതകം നടന്നതിന് പിന്നാലെ കേസ് എൻഐഎ അന്വേഷിക്കണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രി ശോഭ കരന്തലജെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തുനൽകുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ തീവ്രവാദബന്ധമുള്ള സംഘടനകളാണെന്നും കത്തിൽ പറയുന്നു.

കേസിൽ രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. കേരള അതിർത്തിക്ക് സമീപം ബെള്ളാരയിൽ നിന്നാണ് രണ്ട് പ്രതികളും പിടിയിലായത്. കേരള രജിസട്രേഷൻ ബൈക്കിൽ മാരകായുധങ്ങളുമായി എത്തിയവരാണ് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരയെ കൊലപ്പെടുത്തിയത്. 29 കാരനായ സാക്കീർ, 27 കാരനായ മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ഇവരാണ് കൊലപാതകത്തിന് പ്രധാന ആസൂത്രണം നടത്തിയത്. അറസ്റ്റിലായവരുടെ കൂടുതൽ വിശദാംശങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പേരെ ചോദ്യം ചെയ്യുകയാണ്. കേരള രജിസ്‌ട്രേഷനിലുള്ള ബൈക്ക് കർണാടക പൊലീസിന്റെ കസ്റ്റഡിയിലുണ്ട്. കാസർകോടിലേക്കും കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ പിന്തുണച്ച് കൊല്ലപ്പെട്ട പ്രവീൺ നെട്ടാർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. ഇതിന് പ്രതികാരമായാണ് കൊലപാതകമെന്നാണ് ബിജെപി ആരോപിക്കുന്നത്. അഞ്ച് ദിവസം മുമ്പ് കാസർകോട് സ്വദേശിയായ മസൂദ് എന്ന 19 കാരൻ മംഗ്ലൂരുവിൽ കൊല്ലപ്പെട്ടിരുന്നു.

ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്ന് പൊലീസ് അന്വേഷിക്കുകയാണ്. യുവമോർച്ച പ്രവർത്തകർ കൂട്ടരാജിക്കത്ത് അയച്ചതോടെ കേന്ദ്രം, സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടിയിരുന്നു. എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് സംഘടനകൾക്ക് എതിരെ കർണാടക കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. ഈ സംഘടനകൾക്ക് എതിരെ യുപി മോഡൽ നടപ്പാക്കാൻ മടിക്കില്ലെന്ന് ബസവരാജ് ബൊമ്മൈ ഇന്നലെ പറഞ്ഞിരുന്നു. ആസൂത്രിത നീക്കങ്ങൾ തടയാൻ സ്വതന്ത്ര ചുമതലയുള്ള കമ്മാൻഡ് സ്‌ക്വാഡിന് കർണാടക സർക്കാർ രൂപം നൽകി.

ഇന്നലെ വൈകീട്ട് മുഖ്യമന്ത്രി പ്രവീൺ നെട്ടാരുവിന്റെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുവമോർച്ച ദക്ഷിണ കന്നഡ ജില്ലാ എക്സിക്യുട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരെയിൽ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊന്നത്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് അക്രമിസംഘം എത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ചാണ് കേരളത്തിൽ അന്വേഷണം നടക്കുന്നത്.

ബെല്ലാരെയിലെ അക്ഷയ പൗൾട്രി ഫാം ഉടമയായ പ്രവീൺ ചൊവ്വാഴ്ച രാത്രി ഒൻപതു മണിയോടെ ഫാം അടച്ച് വീട്ടിലേക്ക് പോകാനൊരുങ്ങുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കടയുടെ ഷട്ടർ താഴ്‌ത്തിക്കൊണ്ടിരിക്കവെ ബൈക്കിലെത്തിയ രണ്ടു പേർ ആയുധങ്ങളുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴുത്തിന് ആഴത്തിൽ വെട്ടേറ്റ പ്രവീൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചു.