ന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച് സി ഗുപ്ത കുറ്റക്കാരനെന്ന് വിധിച്ച് പ്രത്യേക സിബിഐ കോടതി. നാഗ്പൂരിലെ സ്വകാര്യ കമ്പനിക്ക് ഖനനത്തിനായി കൽക്കരി പാടം അനുവദിച്ച കേസിലാണ് ഡൽഹിയിലെ പ്രത്യേക സിബിഐ കോടതിയുടെ വിധി. എച്ച് സി ഗുപ്തയ്ക്കുള്ള ശിക്ഷാവിധി കോടതി പിന്നീട് നടത്തും.

മുൻ ജോയിന്റ് സെക്രട്ടറി കെ സി ക്രോഫ, നാഗ്പൂർ ആസ്ഥാനമായ ഗ്രേസ് ഇൻഡസ്ട്രീസ് ലിമിറ്റ് ഡയറക്ടർ മുകേഷ് ഗുപ്ത എന്നിവരെയും കോടതി കുറ്റക്കാരായി കണ്ടെത്തി. പശ്ചിമബംഗാളിലെ കമ്പനിക്ക് കൽക്കരിപ്പാടം അനുവദിച്ചതുമയി ബന്ധപ്പെട്ട കേസിൽ എച്ച് സി ഗുപ്തയെ നേരത്തെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. നീണ്ട 10 വർഷത്തോളം ഇന്ത്യയുടെ കൽക്കരി സെക്രട്ടറിയായിരുന്നയാളാണ് എച്ച് സി ഗുപ്ത.

നാഗ്പൂരിലുള്ള കമ്പനിക്ക് മഹാരാഷ്ട്രയിലെ കൽക്കരി ഖനനവുമായി ബന്ധപ്പെട്ട കരാർ നൽകിയതിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കഴിഞ്ഞ മെയ് മാസമാണ് പുതിയ കുറ്റപത്രം സിബിഐ സമർപ്പിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിനെ അടക്കം തെറ്റിദ്ധരിപ്പിച്ചാണ് 2007 ൽ ഇടപാടുകൾ നടത്തിയത് എന്നാണ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. സാമ്പത്തികമായി ചില നേട്ടങ്ങൾ ഗുപ്തയ്ക്ക് ഉണ്ടായിയെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. അതേസമയം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല.