ഹൈദരാബാദ്: സ്‌കൂൾ വിദ്യാർത്ഥിനിയെ കാറിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ എഐഎംഐഎം എംഎൽഎയുടെ പ്രായപൂർത്തിയായിട്ടില്ലാത്ത മകൻ ഉൾപ്പെടെ ആറു പ്രതികൾക്കെതിരെ കുറ്റപത്രം. സംഭവം നടന്ന് 56 ദിവസത്തിനുള്ളിലാണ് 350 പേജുള്ള കുറ്റപത്രം ഹൈദരാബാദ് പൊലീസ് ജുവനൈൽ കോടതിയിലും നംപള്ളി കോടതിയിലുമായി സമർപ്പിച്ചത്.

കേസിലെ ആറു പ്രതികളിൽ അഞ്ചുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ നാല് പേർക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത അഞ്ചാമത്തെ പ്രതി ഇപ്പോൾ ജുവനൈൽ ഹോമിലും പ്രായപൂർത്തിയായ പ്രതി സൗദൂദ്ദീൻ മാലിക്(18) ചഞ്ചൽഗുഡ ജയിലിലുമാണ്. പബ്ബിലെ ജീവനക്കാർ, പബ്ബിൽ ഉണ്ടായിരുന്ന ആളുകൾ, ടാക്‌സി ഡ്രൈവർ ഉൾപ്പെടെ 65 സാക്ഷികളാണ് കേസിലുള്ളത്.

മെയ്‌ 28നാണ് പബ്ബിൽ നിന്നിറങ്ങിയ പെൺകുട്ടിയെ (17) ബൻജാര ഹിൽസിനു സമീപമുള്ള ഒറ്റപ്പെട്ട പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽവച്ചു പീഡിപ്പിച്ചത്. സംഭവത്തിനുശേഷം പെൺകുട്ടിയെ പബ്ബിനു മുന്നിൽ ഇറക്കിവിടുകയും പെൺകുട്ടി പിതാവിനെ വിളിച്ചു വരുത്തുകയുമായിരുന്നു. പിതാവിന്റെ പരാതിപ്രകാരമാണു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.