ചണ്ഡീഗഡ്: സർക്കാർ ആശുപത്രിയിലെ കിടക്കകൾ വൃത്തിഹീനമാണെന്ന ജനങ്ങളുടെ പരാതിയെ തുടർന്ന് ആശുപത്രിയുടെ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി കിടക്കയിൽ കിടത്തി പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിങ്. മന്ത്രിയുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.

ഫരീദ്‌കോട്ടിലെ ഗവ. ആശുപത്രിയിലാണ് മന്ത്രി എത്തിയത്. ബാബ ഫരീദ് ഹെൽത്ത് സയൻസ് സർവകലാശാലക്ക് കീഴിലുള്ളതാണ് ആശുപത്രി. സർവകലാശാല വൈസ് ചാൻസലർ ഡോ. രാജ് ബഹാദൂറിനെയാണ് മന്ത്രി വിളിച്ചുവരുത്തിയത്. തുടർന്ന് പരാതിയുയർന്ന കിടക്കകളിൽ കിടക്കാൻ ആവശ്യപ്പെടുകയായിരുന്നു. മാധ്യമപ്രവർത്തകരെ ഉൾപ്പെടെ വിളിച്ചുവരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ നടപടി.

മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച വി സി കിടക്കയിൽ കിടക്കുകയും ചെയ്തു. 'എല്ലാ കാര്യങ്ങളും നിങ്ങളുടെ കൈയിലാണ്' എന്ന് മന്ത്രി വി സിയോട് പറയുന്നുമുണ്ടായിരുന്നു. കിടക്കകളുടെ വൃത്തിഹീനമായ അവസ്ഥ കണ്ടശേഷമാണ് മന്ത്രി മടങ്ങിയത്.