- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുട്യൂബ് നോക്കി മുന്തിരിവൈനുണ്ടാക്കി സ്‌കൂളിൽ വിളമ്പി 12കാരൻ; സഹപാഠി ആശുപത്രിയിൽ
ചിറയിൻകീഴ്: യുട്യൂബ് നോക്കി വീട്ടിൽ മുന്തിരിവൈനുണ്ടാക്കിയ പന്ത്രണ്ടുകാരൻ അത് സ്‌കൂളിൽ കൊണ്ടുവന്ന് വിളമ്പി. ദ്രാവകം ഉള്ളിൽച്ചെന്ന മറ്റൊരു വിദ്യാർത്ഥി ഛർദിച്ച് അവശനായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിറയിൻകീഴ് മുരുക്കുംപുഴ വെയിലൂർ ഗവൺമെന്റ് ഹൈസ്‌കൂളിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടി വൈനുമായി സ്‌കൂളിലെത്തിയതും മസഹപാഠിക്ക് നൽകിയതും.
ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. വീട്ടിൽ രക്ഷിതാക്കൾ വാങ്ങിക്കൊടുത്ത മുന്തിരി ഉപയോഗിച്ച് യുട്യൂബ് വീഡിയോയുടെ സഹായത്തോടെയാണ് 12 കാരൻ മിശ്രിതം തയ്യാറാക്കിയത്. പൊലീസ് സ്‌കൂളിലെത്തി സ്‌കൂൾ അധികൃതരോടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. മിശ്രിതം സ്‌കൂളിലെത്തിച്ച വിദ്യാർത്ഥിയുടെ മാതാവിനെ കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും മുന്നറിയിപ്പു നൽകിയതായും ചിറയിൻകീഴ് എസ്.എച്ച്.ഒ. ജി.ബി.മുകേഷ് പറഞ്ഞു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ രക്ഷിതാവിനെ കാര്യങ്ങൾ അറിയിച്ച് ജാഗ്രതാ നടപടികൾ സ്വീകരിച്ചതായി സ്‌കൂൾ അധികൃതരും പറഞ്ഞു.
വിദ്യാഭ്യാസ വകുപ്പ് റിപ്പോർട്ട് തേടി
ചിറയിൻകീഴ്: വിദ്യാർത്ഥി ക്ലാസിൽ കൊണ്ടുവന്ന മിശ്രിതം കുടിച്ച് സഹപാഠി ആശുപത്രിയിലായ സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം നൽകി. രക്ഷിതാവ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നൽകിയ പരാതിയെത്തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.