പാലക്കാട്: വിനോദ സഞ്ചാരികൾ എന്ന വ്യാജേന ഹാഷിഷ് ഗുളികകൾ കടത്തിയ യുവാക്കൾ അറസ്റ്റിൽ. 200 ഗ്രാം ഹഷീഷ് ഗുളികകളുമായി തൃശൂർ സ്വദേശി ഷാജിർ, ചൂളൂർ സ്വദേശി അനസ് എന്നിവരെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസും എക്‌സൈസ് ആന്റി നർകോട്ടിക് വിഭാഗവും ചേർന്ന് പാലക്കാട് ഒലവക്കോട് നിന്നും അറസ്റ്റ് ചെയ്തത്. കോളജ് വിദ്യാർത്ഥികളെയും പതിവ് ഇടപാടുകാരായ അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ലഹരിയെന്നാണ് പ്രാഥമിക നിഗമനം.

തൃപ്രയാർ കേന്ദ്രീകരിച്ചുള്ള ലഹരി വിൽപന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് വിവരം. സാധാരണ വിനോദ സഞ്ചാരികൾ ഉപയോഗിക്കുന്ന ബാഗിലാണ് രഹസ്യമായി തുണികൾക്കിടയിൽ ഗുളികകൾ സൂക്ഷിച്ചിരുന്നത്. വിനോദ സഞ്ചാരത്തിനായി കുളു മണാലിയിൽ എത്തിയാണ് ലഹരിക്കടത്ത് നടത്തിയത്. യാത്രയ്ക്കുള്ള പണവും അതോടൊപ്പം നാട്ടിലെ ആഡംബര ജീവിതത്തിനുള്ള പണവും തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹഷീഷ് ഗുളികകൾ വാങ്ങി റോഡ് മാർഗം ഡൽഹിയിലെത്തിയത്.
അവിടെനിന്ന് കേരള എക്സ്പ്രസിൽ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി. പിന്നീട് ബസ് മാർഗം തൃശൂരിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്‌സൈസും ചേർന്ന് ഇരുവരെയും പിടികൂടിയത്.

കൗതുകത്തിന് ലഹരി ഉപയോഗം തുടങ്ങി പിന്നീട് ലഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഇത്തരത്തിൽ യാത്ര നടത്തിയെന്നാണു നിഗമനം. നേരത്തെയും സംഘം ലഹരി കടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. യുവാക്കളുടെ മൊബൈൽ ഫോണിലേക്ക് വന്ന വിളികളുടെ വിശദാംശങ്ങളും പരിശോധിക്കും.