കണ്ണൂർ: ആറളം ആദിവാസി മേഖലയിൽ അബദ്ധത്തിൽ കാൽവഴുതി കിണറിൽ വീണ ആദിവാസി സ്ത്രീയെ നാട്ടുകാർ ചേർന്ന് മൂന്ന് മണിക്കൂറിന് ശേഷം രക്ഷപെടുത്തി. ആറളം ഫാം ബ്ലോക്ക് 11 ലെ ബിന്ദു രാജു (50) വിനെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തരയോടെ എടൂർ മൃഗാശുപത്രിക്ക് സമീപമുള്ള ആൾമറ അമർന്നു കിടക്കുന്ന കിണറിൽ ഇതുവഴി നടന്നു പോകുന്നതിനിടെ ബിന്ദു അബദ്ധത്തിൽ വീഴുകയായിരുന്നു.

23 കോൽ താഴ്ചയുള്ള കിണറിൽ 13 കോൽ വെള്ളം ഉണ്ടായിരുന്നെങ്കിലും വെള്ളത്തിൽ മുങ്ങിത്താഴ്ന്നുപോയ ബിന്ദു ഉയർന്നുവന്ന് കിണറിന്റെ പടവിൽ പിടിച്ചു നിൽക്കുകയായിരുന്നു. സമീപ താമസക്കാരനായ ശശി ഉൾപ്പെടെയുള്ളവർ എന്തോ ശബ്ദം കേട്ടിരുന്നെങ്കിലും അൽപ്പനേരം തിരച്ചിൽ നടത്തിയെങ്കിലും സംശയം തോന്നാത്തതിനാൽ കിണറിലേക്ക് നോക്കിയതുമില്ല.

എന്നാൽ ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്ത് താമസക്കാരായ ഉഷ, ഷൈൻബി എന്നിവർ കിണറിന് സമീപത്തുകൂടി നടന്നുപോകുമ്പോൾ കരച്ചിൽ ശബ്ദം കേട്ട് കിണറിൽ നോക്കുകയായിരുന്നു. അകെ തളർന്ന നിലയിൽ പടവിൽ പിടിച്ചു നിൽക്കുകയായിരുന്നു ബിന്ദു.
ഉടനെ ഇവർ സമീപത്തെ കീഴ്പ്പള്ളി റോഡിലൂടെ പോയ വാഹനങ്ങൾ നിർത്തിച്ചും മറ്റും ആളുകളെ അറിയിച്ചു. പഞ്ചായത്ത് അംഗം ബിജു കുറ്റിക്കാട്ടുകുന്നേലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ഒത്തുചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അഗ്‌നിശമന സേനയെ ഇവർ വിവരം അറിയിച്ചിരുന്നു. എന്നാൽ അഗ്‌നിശമനസേന സ്ഥലത്തെത്തുമ്പോഴേക്കും നെടുമുണ്ടയിലെ ജിന്റോയുടെ നേതൃത്വത്തിൽ കിണറിൽ ഇറങ്ങി ബിന്ദുവിനെ പുറത്തെത്തിച്ചു. പ്രദേശവാസികളായ ബിജു, ഉഷ, ഷൈൻബി എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

കാലിന്റെ മുട്ടിൽ ഉൾപ്പെടെ നേരിയ പരുക്ക് ഏറ്റതും ഇത്രനേരം കിണറിൽ അകപ്പെട്ടതുമൂലമുണ്ടായ ഭയപ്പാട് കാരണമുണ്ടായ മനസിക പ്രശ്‌നങ്ങളുമല്ലാതെ ഗുരുതരാവസ്ഥയില്ലാത്തതിനാൽ വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തു. സ്ത്രീയെ കിണറ്റിലിറങ്ങി രക്ഷപെടുത്തിയ ജിന്റോയ്ക്ക് നെടുമുണ്ടയിൽ പഞ്ചായത്ത് അംഗം ബിജുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ സ്വീകരണം നൽകി.