കണ്ണൂർ: കണ്ണൂരിലെ കൊട്ടിയൂരിനടുത്ത് പാലുകാച്ചി മല എന്നൊരു മലയുള്ള കാര്യം കണ്ണൂരുകാരുടെ ശ്രദ്ധയിൽ പോലും ഇതുവരെ ഉണ്ടായിരുന്നില്ല. പണ്ട് കൊട്ടിയൂർ അമ്പലത്തിന്റെ ഐതിഹ്യവുമായി ബന്ധപ്പെട്ട് കിടക്കുന്ന മലയാണ് പാലുകാച്ചി മല. പണ്ട് പാർവതി ദേവി അടുപ്പ് കൂട്ടിയ മലയാണ് ഇത് എന്നാണ് ഐതിഹ്യം. പ്രത്യക്ഷത്തിൽ നോക്കിയാൽ തന്നെ മൂന്ന് അടുപ്പ് കല്ലുകൾ കൂട്ടി വച്ചത് പോലെയാണ് പാറയുടെ കിടപ്പ്. പാലുകാച്ചി മല എന്നും പാലുകാച്ചി പാറയെന്നും ഈ സ്ഥലം അറിയപ്പെടുന്നു.

വളരെ മനോഹരമായ സ്ഥലമാണ് ഇത് എങ്കിലും കൂടുതൽ ആളുകൾ അറിയുന്ന ഒരു സ്ഥലമായി പാലുകാച്ചിമല ഇതുവരെ മാറിയിരുന്നില്ല. എന്നാൽ പാലുകാച്ചി മലയുടെ സ്വീകാര്യത കൂട്ടാനുള്ള നടപടിയാണ് ഇപ്പോൾ ആരംഭിക്കുന്നത്. ഈ വരുന്ന ഞായറാഴ്ച മുതൽ ഇവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കും. ടിക്കറ്റ് വച്ചായിരിക്കും പ്രവേശനം തുടങ്ങുക. ഇത്രയും കാലം വെറുതെ ആളുകൾക്ക് കയറാമായിരുന്നു എങ്കിലും മിക്ക ആളുകളും അവിടെ പോയിരുന്നില്ല എന്നതാണ് മറ്റൊരു തമാശ.

എന്നാൽ കൂടുതൽ സൗകര്യവും സുരക്ഷിതത്വവും ഉറപ്പുവരുത്തി പാലുകാച്ചി മലയെ കണ്ണൂർ ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമമാണ് ഞായറാഴ്ച മുതൽ ആരംഭിക്കുന്നത്. എല്ലാദിവസവും രാവിലെ എട്ടു മുതൽ വൈകിട്ട് 4 30 വരെ ടിക്കറ്റ് സഞ്ചാരികൾക്കായി നൽകും. ഇവിടെ ട്രക്കിങ് ജൂൺ മൂന്നിന് തന്നെ ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താത്തതിനാൽ ഇതുവരെ പ്രവേശനം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ കാര്യങ്ങളൊക്കെ ശരിയായതിനാലാണ് പ്രവേശനം ആരംഭിക്കുന്നത്.

കേളകം - കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് ഇപ്പോൾ ഈ പദ്ധതി യാഥാർത്ഥ്യമായിരിക്കുന്നത്. പാലുകാച്ചി മല സംരക്ഷണം സമിതിക്കാണ് പ്രവർത്തനങ്ങളുടെ ഇപ്പോഴുള്ള നടത്തിപ്പ് ചുമതല. ആറു താൽക്കാലിക ജീവനക്കാരാണ് വിനോദസഞ്ചാരികളെ സഹായിക്കാനായി ഇവിടെ ഉണ്ടാവുക. ഇവർക്ക് പുറമേ സംരക്ഷണ സമിതി പ്രവർത്തകരും ഉണ്ടാവും. പദ്ധതിയുടെ ഭാഗമായി ടിക്കറ്റ് കൗണ്ടർ, ക്ലോക്ക് റൂം, ടോയ്‌ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോൾ ഒരുക്കിയിട്ടുണ്ട്.

എല്ലാ സഞ്ചാരികളും വൈകുന്നേരം ആറിന് മുമ്പ് വനത്തിൽ നിന്ന് പുറത്തു കടക്കണം. 10 പേർ അടങ്ങുന്ന ടീമായാണ് സഞ്ചാരികളെമലയിലേക്ക് പ്രവേശിപ്പിക്കുക. അനുവാദമില്ലാതെ പ്രവേശിക്കുന്ന ആളുകൾക്ക് ശിക്ഷയും ലഭിക്കും. വനപ്രദേശത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും നിക്ഷേപിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുവാനും പ്രത്യേക സജ്ജീകരണം ഉണ്ടാവും. വനത്തിനകത്ത് എന്തെങ്കിലും മൃഗങ്ങളെ കണ്ടുകഴിഞ്ഞാൽ അവൾക്ക് ഭക്ഷണം കൊടുക്കുകയോ വനത്തിനുള്ളിൽ നിന്ന് സാധനങ്ങൾ ശേഖരിക്കുകയോ ചെയ്യരുത് എന്നും വനസംരക്ഷണ സമിതി പറഞ്ഞിട്ടുണ്ട്.

പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്കുകൾ :

മുതിർന്നവർ 50 രൂപ
കുട്ടികൾ 20 രൂപ
ക്യാമറ 100 രൂപ
വിദേശികൾ 150 രൂപ


ഇതിൽ വിദേശികൾക്ക് 150 രൂപ നിശ്ചയിച്ചതിൽ വിമർശനവും ഉയർന്നു വന്നിട്ടുണ്ട്. വിദേശികളെ നാട്ടിലേക്ക് ആകർഷിക്കാൻ എല്ലാവരും ശ്രമിക്കുമ്പോഴും അവർക്ക് അധിക തുക ഏർപ്പെടുത്തിയതിൽ ആണ് വിമർശനം. ഇത്രയും കാലം എല്ലാവർക്കും ടിക്കറ്റ് നിരക്ക് ഇല്ലാതെ കയറാൻ പറ്റുന്ന പ്രദേശമായിരുന്നു ഇത്. ഇപ്പോൾ ടിക്കറ്റ് നിനക്ക് നിശ്ചയിച്ചതിൽ നാട്ടുകാരിൽ ചിലർക്ക് അഭിപ്രായ വ്യത്യാസവും ഉണ്ടായിട്ടുണ്ട്. എന്നാൽ ടിക്കറ്റ് നിരക്ക് നിശ്ചയിച്ച് വിനോദസഞ്ചാര കേന്ദ്രമായി മാറ്റിയാൽ എങ്കിലും ആളുകൾ എത്തും എന്നുള്ള ശുഭപ്രതീക്ഷയിലാണ് വനസംരക്ഷണസമിതി.