മറയൂർ: മറയൂരിൽ ചന്ദനം വച്ചുപിടിപ്പിക്കലും പരിപാലനവും വ്യാപകമാക്കാൻ വനംവകുപ്പ് നീക്കം തുടങ്ങി. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ ചന്ദനതോട്ടം കൂടി രൂപപ്പെടുത്തി ചന്ദന മരങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ഇതുവഴി സ്ഥലം ഉടമക്ക് മികച്ച വരുമാനം ലഭ്യമാക്കുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ്് വനംവകുപ്പ് വിഭാവനം ചെയ്യുന്നത്.

മറയൂരിലെ ചന്ദന റിസർവിനോട് അനുബന്ധിച്ച് മുന്തിയ ഇനം ചന്ദന തൈകൾ തയ്യാറാക്കുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ ഉത്പാദിപ്പിക്കുന്ന തൈകൾ പൊതുജനങ്ങൾക്ക് ആവശ്യത്തിനനുസരിച്ച് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്്. തൈ ഒന്നിന് 75 രൂപ നിരക്കിലാണ് ലഭിക്കുക. തോട്ടം രൂപപ്പെടുത്താൻ താൽപര്യമുള്ള കർഷകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും ഇവിടെ നിന്നും ലഭിക്കും.

ചന്ദനം വച്ചുപിടിപ്പിക്കൽ മികച്ച വരുമാനം നൽകുമെന്ന് സാധാരണക്കാരെ ബോദ്ധ്യപ്പെടുത്തുന്നതിനും മരം മുറിക്കുന്നതും വിൽക്കുന്നതും സംബന്ധിച്ച് ഇവർക്കിടയിൽ നിലനിൽക്കുന്ന ആശങ്കകൾ പരഹരിക്കുന്നതിനും മുന്തിയ പരിഗണന നൽകുന്നുണ്ടെന്നും പൊതുസമൂഹത്തിൽ നിന്നും മികച്ച പ്രതികരണമാണ് പദ്ധതിക്ക് ലഭിച്ചുവരുന്നതെന്നും മറയൂർ ചന്ദനം ഡിവിഷൻ ഡിഎഫ്ഒ വിനോദ് കുമാർ അറയിച്ചു.

സമീപകാലത്ത് ലേലത്തിനെത്തിച്ച ഒരു മരത്തിൽ നിന്നും മൂന്നേമുക്കാൽ ലക്ഷത്തിലേറെ രൂപ സ്ഥലം ഉടമക്ക് ലഭിച്ചിരുന്നു.വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി മുറിച്ചുമാറ്റി ലേലത്തിൽ വിൽക്കുകയായിരുന്നു. മുറിച്ചുമാറ്റിയതിനും ക്ലീൻ ചെയ്യുന്നതിനുമായി ചെറിയ തുക മാത്രമാണ് സ്ഥലം ഉടമയിൽ നിന്നും ഈടാക്കിയത്.

നേരത്തെ മരം ലേലത്തിൽ പോയാൽ ആകെ ലഭിക്കുന്ന തുകയുടെ 30 ശതമാനം കഴിച്ചുള്ള തുകയാണ്് വനംവകുപ്പ് സ്ഥലം ഉടമക്ക് നൽകി വന്നിരുന്നത്.ഇപ്പോൾ വെട്ടിമാറ്റി ക്ലീൻ ചെയ്ത് എടുക്കുന്നതിനുള്ള തുക മാത്രമാണ് സ്ഥലം ഉടമയിൽ നിന്നും ഈടാക്കുന്നുള്ളു.
ചന്ദനം ആർക്കും വളർത്താം.അത് വെട്ടിവിൽക്കണമെന്ന് തോന്നുന്ന പക്ഷം അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ എത്തി വിവരം അറിയിക്കണം.

ഓഫീസിൽ നിന്നും ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റി മറയൂരിലെ ചന്ദന ഗോഡൗണിൽ എത്തിക്കും. ഇത് ക്ലാസ് അടിസ്ഥാനത്തിൽ തിരിച്ച് ലേലം ചെയ്ത് വിൽക്കും. അധികം താമസിയാതെ പണം സ്ഥലം ഉടമയുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കും.

വളർച്ച സാവധാനം ആയതിനാൽ വരുമാനം ലഭിക്കാൻ കാലതാമസം നേരിടും എന്നതാണ് ചന്ദനം നട്ടുവളർത്തുന്നവർ നേരിടുന്ന പ്രതിസന്ധി. മരം മുറിച്ചുവിൽക്കുമ്പോൾ ലഭിക്കുന്ന വരുമാനവും മുടക്കുമതലും വച്ചുനോക്കുമ്പോൾ ചന്ദനം വളർത്തൽ വൻലാഭകരമാണെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി ധാരാളം പേർ ഇപ്പോൾ ചന്ദനം വച്ചുപിടിപ്പിക്കാൻ തയ്യാറാവുന്നുണ്ട്.