- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം; കണ്ണൂർ ജില്ലാ കളക്ടർ
കണ്ണൂർ: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണമെന്ന് കണ്ണൂർ ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. 'ആസാദി കാ അമൃത്' മഹോത്സവത്തോടനുബന്ധിച്ചുള്ള 'ഹർ ഘർ തിരംഗ' പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 13 മുതൽ 15 വരെ ജില്ലയിലെ എല്ലാ വീടുകളിലും ദേശീയപതാക ഉയർത്തണം. ദേശീയപതാകക്ക് കൂടുതൽ ആദരവ് നൽകുന്നതിനും ദേശീയോദ്‌ഗ്രഥനത്തിന് പ്രചോദനം നൽകുന്നതിനും പൗരന്മാർക്ക് ദേശീയപതാകയുമായി വൈകാരിക ബന്ധം വളർത്തുന്നതിനുമാണ് 'ഹർ ഘർ തിരംഗ'. ദേശീയപതാകയുടെ ഉൽപാദനത്തിലും വിതരണത്തിലും ഉപയോഗത്തിലും 2002ലെ ഇന്ത്യൻ ദേശീയപതാക നിയമത്തിലെ വ്യവസ്ഥകൾ പരിപൂർണമായും പാലിക്കണമെന്നും കലക്ടർ അറിയിച്ചു.
ഹർ ഘർ തിരംഗയുടെ ഭാഗമായി ദേശീയപതാക തുറസ്സായ സ്ഥലത്തും വീടുകളിലും പകലും രാത്രിയിലും പറത്താമെന്ന ഭേദഗതി നിയമത്തിൽ വരുത്തിയിട്ടുണ്ട്. പതാക തുറസ്സായ സ്ഥലത്താണെങ്കിൽ കാലാവസ്ഥ എന്തുതന്നെ ആയാലും നേരം പുലർന്നശേഷം ഉയർത്തി അസ്തമയത്തിനുമുമ്പ് താഴ്‌ത്തണമെന്നായിരുന്നു നേരത്തേയുള്ള നിയമം. അതുപോലെ ഭേദഗതി പ്രകാരം കൈകൊണ്ട് നെയ്തോ യന്ത്രം കൊണ്ട് നെയ്തോ കോട്ടൻ, പോളിസ്റ്റർ, കമ്പിളി, സിൽക്ക്, ഖാദി തുണികൾ ഉപയോഗിച്ചോ ദേശീയപതാക നിർമ്മിക്കാം.
വീടുകളിൽ ഉയർത്താനായി രണ്ടുലക്ഷം പതാകകൾ കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തിൽ നിർമ്മിക്കും. ഇവ സ്‌കൂളുകൾ മുഖേനയും കുട്ടികൾ ഇല്ലാത്ത വീടുകളിൽ തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുമാണ് വിൽപന നടത്തുക. ഓഗസ്റ്റ് 12നകം വിതരണം പൂർത്തിയാക്കുമെന്ന് കുടുംബശ്രീ ജില്ല മിഷൻ അറിയിച്ചു. യോഗത്തിൽ ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടർ ടി.ജെ. അരുൺ, കുടുംബശ്രീ മിഷൻ ജില്ല കോഓഡിനേറ്റർ ഡോ.എം. സുർജിത്, ജില്ല വ്യവസായ കേന്ദ്രം മാനേജർ പി.വി. രവീന്ദ്രകുമാർ, ഖാദി വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് പ്രോജക്ട് കോഓഡിനേറ്റർ എ.കെ. അജിത് കുമാർ, എ.ഡി.സി ജനറൽ അബ്ദുൽ ജലീൽ, ഡി.ഡി എജുക്കേഷൻ ഓഫിസിലെ വി.പി. സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു.