കൊൽക്കത്ത: കൊൽക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുമായി സംശയാസ്പദമായ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ കമ്പനിക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) നോട്ടിസ്.

ബിജെപി വിട്ട് തൃണമൂൽ കോൺഗ്രസിലെത്തിയ എംഎൽഎ കൃഷ്ണ കല്യാണിയുടെ ഉടമസ്ഥതയിലുള്ള ഭക്ഷ്യനിർമ്മാണ സ്ഥാപനത്തിനാണ് ഇഡി നോട്ടിസ് അയച്ചത്. 2002 ൽ സ്ഥാപിതമായ 'കല്യാണി സോൾവെക്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിക്കാണ് നോട്ടിസ് നൽകിയത്.

ഈ കമ്പനിയും കൊൽക്കത്ത ആസ്ഥാനമായുള്ള രണ്ട് ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാണെന്ന് ഇഡി വൃത്തങ്ങൾ അറിയിച്ചു. 2021 മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റിൽ റായ്ഗഞ്ചിൽനിന്ന് മത്സരിച്ച് ജയിച്ച കൃഷ്ണ കല്യാണി, നിയമസഭയിൽ നിന്ന് രാജിവയ്ക്കാതെ ഒക്ടോബറിൽ തൃണമൂലിൽ കോൺഗ്രസിൽ ചേരുകയായിരുന്നു. പിന്നാലെ, തൃണമൂലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനായി അദ്ദേഹത്തെ നിയമിച്ചിരുന്നു.

അടുത്തിടെ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത സഹായിയായിരുന്ന പാർഥ ചാറ്റർജിയെയും അദ്ദേഹത്തിന്റെ സഹായിയും നടിയുമായ അർപ്പിത ചാറ്റർജിയെയും അദ്ധ്യാപക നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്തിരുന്നു. അർപ്പിത ചാറ്റർജിയുടെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപയും കണ്ടെടുത്തിരുന്നു. പിന്നാലെ പാർഥ ചാറ്റർജിയെ മന്ത്രിസ്ഥാനത്തുനിന്നും തൃണമൂൽ കോൺഗ്രസിന്റെ സ്ഥാനങ്ങളിൽനിന്നും നീക്കി.