- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൂറത്കൽ ഫാസിൽ വധക്കേസ്: പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് പൊലീസ്; സുള്ള്യ, കഡബ മേഖലയിൽ നിരോധനാജ്ഞ നീട്ടി
മംഗളൂരു: സൂറത്കൽ ഫാസിൽ വധക്കേസിലെ പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചുവെന്ന് മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ എൻ. ശശി കുമാർ. പതിനഞ്ചോളം പേരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും വൈകാതെ അറസ്റ്റുണ്ടാകുമെന്നും കമ്മീഷണർ വ്യക്തമാക്കി. കൊലപാതകം നടന്ന് ഒരു ദിവസത്തിലേറെ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് പൊലീസിന് ഒരു സൂചനപോലും ലഭിച്ചിട്ടില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു.
അതേ സമയം തുടർ കൊലപാതകങ്ങൾ നടന്ന ബെൽത്തങ്ങടി, സുള്ള്യ, കഡബ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ഓഗസ്റ്റ് ആറ് വരെ നീട്ടിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ വൈകീട്ട് ആറ് മണിക്ക് ശേഷം പ്രവർത്തിക്കാൻ പാടില്ല. മംഗളൂരു കമ്മിഷണറേറ്റ് പരിധിയിൽ നിരോധനാജ്ഞ തിങ്കളാഴ്ച വരെയും നീട്ടി. കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ വാഹന പരിശോധന ഇന്നും തുടരും. കാസർകോട്, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദേശമുണ്ട്.
കൊല്ലപ്പെട്ട ഫാസിലിന് രാഷ്ട്രീയമില്ലെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കാര്യത്തിൽ ഉൾപ്പെടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരുകയാണ്. വെള്ളിയാഴ്ച അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിലും പൊലീസ് ജാഗ്രതയിലാണ്. സൂറത്ത്കൽ മേഖലയിൽ വെള്ളിയാഴ്ച കടകളെല്ലാം അടപ്പിച്ച പൊലീസ് കടുത്ത ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തി.
സുള്ള്യയിൽ ദിവസങ്ങൾക്കു മുന്നെ നടന്ന മറ്റ് രണ്ട് കൊലപാതകങ്ങളുമായി ഫാസിലിന്റെ കൊലപാതകത്തിന് ബന്ധമുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം ജൂലായ് 26-ന് സുള്ള്യ ബെല്ലാരയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട കേസിന്റെ അന്വേഷണത്തിൽ കൂടുതൽ പുരോഗതിയില്ലെന്ന് എസ്‌പി. ഋഷികേശ് സോണാവാണെ പറഞ്ഞു.
കൂടുതൽ അക്രമങ്ങൾ ഉണ്ടാകാനിടയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്ന് ശനിയാഴ്ച മുതലുള്ള മൂന്നുദിവസം വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ എല്ലാ സ്ഥാപനങ്ങളും അടച്ചിടാൻ ദക്ഷിണ കന്നഡ ജില്ലാ ഡെപ്യൂട്ടി കമ്മിഷണർ ഡോ. രാജേന്ദ്ര ഉത്തരവിട്ടു. ആശുപത്രികൾ മെഡിക്കൽ ഷോപ്പുകൾ തുടങ്ങി അത്യാവശ്യ വിഭാഗങ്ങളൊഴികെ മറ്റെല്ലാം അടച്ചിടും. അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യാനും നിർദേശമുണ്ട്. പുറത്തിറങ്ങുന്നവർ കൃത്യമായ വിവരം പൊലീസിനെ ബോധ്യപ്പെടുത്തണം.