കോഴിക്കോട്: നിർമ്മാണം ആരംഭിച്ച കാലം മുതൽ വിവാദത്തിൽപ്പെട്ട കോഴിക്കോട്ടെ കെ എസ് ആർ ടി സി കെട്ടിട സമുച്ഛയത്തിന്റെ തൂണുകൾ ബലപ്പെടുത്തൽ ഇനിയും വൈകാൻ സാധ്യത. നിലവിലെ തൂണുകൾക്കുള്ള ബലക്ഷയം ഇല്ലാതാക്കാൻ അവയെ ബലപ്പെടുത്താമെന്നായിരുന്നു വിദഗ്ധ പരിശോധനയിൽ തീരുമാനിച്ചിരുന്നത്.

എന്നാൽ ഒറ്റയടിക്കു ബലപ്പെടുത്തലുമായി മുന്നോട്ടുപോയാൽ ഇനിയും അബദ്ധമാവുമെന്നു ബോധ്യമുള്ളതിനാൽ ബലപ്പെടുത്തൽ പ്രക്രിയ എത്രത്തോളം അടിത്തറയെ ബാധിക്കുമെന്നു പഠിച്ചശേഷം ചെയ്താൽ മതിയെന്നു തീരുമാനമെടുത്തിരിക്കയാണ്. ഇത്തരത്തിൽ ഒരു നിർദ്ദേശം പരിശോധനക്കും മറ്റുമായി നേതൃത്വം നൽകുന്ന ഐ ഐ ടിയിലെ വിദഗ്ധ സംഘം മുന്നോട്ടു വച്ചിരിക്കുന്നതായാണ് അറിയുന്നത്. അടുത്തമാസം 10ന് ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിലാവും ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൈക്കൊള്ളുക.

തൂണുകളിൽ 90 ശതമാനത്തിനും ബലക്ഷയമുണ്ടെന്നായിരുന്നു ആദ്യഘട്ടത്തെ പരിശോധനയിൽ കണ്ടെത്തിയിരുന്നതെങ്കിലും പിന്നീട് 70 ശതമാനത്തിനേ കാര്യമായ ബലക്ഷയമുള്ളൂവെന്ന് ബോധ്യപ്പെട്ടിരുന്നു. ഈ ജോലികൾക്കായി 30 കോടി രൂപയോളം വേണ്ടിവരുമെന്നാണ് പ്രാരംഭ കണക്കുകൂട്ടൽ.

ആറു മാസത്തോളം സമയമെടുക്കുമെന്നതിനാൽ ഇവിടെ നിന്നുള്ള സർവിസുകൾ മറ്റെങ്ങോട്ടെങ്കിലും മാറ്റേണ്ടിവരും. ഇതും കെ എസ് ആർ ടി സിക്ക് വെല്ലുവിളി ഉയർത്തുന്ന കാര്യമാണ്. എന്നാൽ പ്രവർത്തി ആരംഭിക്കാനുള്ള എസ്റ്റിമേറ്റ് ഇന്നലെ സമർപ്പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും അതുണ്ടായിട്ടില്ല. 10ന് ചേരുന്ന യോഗം ഈ വിഷയത്തിൽ ഏറെ നിർണായകമാവുമെന്ന് ഉറപ്പാണ്.

അതിന് ശേഷം മാത്രമേ ടെണ്ടർ നടപടികളിലേക്കു കടക്കാനാവൂ. വീണ്ടും ഒരു സുരക്ഷാ വീഴ്ച നിർമ്മാണത്തിൽ ഉണ്ടാവരുതെന്നു നിഷ്ഠയുള്ളതിനാൽ മദ്രാസ് ഐ ഐ ടി എംപാനൽ ചെയ്ത കമ്പനികൾക്കു മാത്രമേ ടെൻഡർ നടപടികളിൽ പങ്കാളികളാവാൻ സാധിക്കൂ.

കോഴിക്കോട്ടെന്നപോലെ തിരുവനന്തപുരത്തെ തമ്പാനൂരിലും കെ എസ് ആർ ടി സിക്ക് കെട്ടിട സമുച്ഛയം പണിതുയർത്തിയിട്ടുണ്ട്. കാര്യമായ പരാതികളൊന്നും ഇതിനെ ബാധിച്ചിട്ടില്ല. ഒട്ടുമിക്ക മുറികളും പ്രവർത്തന സജ്ജവുമാണ്. അതിനകത്തേക്കു കയറുന്നത് തന്നെ പ്രത്യേക ഫീൽ നൽകുന്നതുമാണ്. എന്നാൽ കോഴിക്കോട്ടെ ടെർമിനൽ പ്രവർത്തനം തുടങ്ങിയിട്ട് കാലം കുറേയായെങ്കിലും ഇവിടേക്കെത്തുന്ന ഓരോ യാത്രക്കാരനും ഏതോ ഗുഹാന്തർഭാഗത്തേക്കു എത്തിയപോലുള്ള ഭീതിയാണ് അനുഭവപ്പെടുന്നത്.

കെട്ടിടം ഏറെക്കുറെ മനുഷ്യൻ ഉപേക്ഷിച്ച പോലുള്ള നിലയിലുമാണ് നിലനിൽക്കുന്നത്. എങ്ങനെയാണ് കെ എസ് ആർ ടി സി ഷോപ്പിങ് കോംപ്ലക്സ് കം ബസ് സ്റ്റേഷൻ പണിയേണ്ടതെന്നു തലസ്ഥാനത്തുപോയി നോക്കിവരുന്നത് കോഴിക്കോട്ടെ നിർമ്മാണത്തിന് നേതൃത്വം നൽകിയ ഇവിടുത്തെ ഉദ്യോഗസ്ഥർക്കു ഇനിയെങ്കിലും കണ്ടു നെടുവീർപ്പിടാവുന്നതാണ്.