- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ക്ലാസിലിരുന്ന് ചൂളമടിച്ചു; ആറ് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളുടെ മുടിമുറിച്ച് പ്രധാന അദ്ധ്യാപിക; നടപടി വേണമെന്ന് രക്ഷിതാക്കൾ
കൊൽക്കത്ത: അദ്ധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ചൂളമടിച്ചെന്ന് ആരോപിച്ച് പ്രധാനാധ്യാപിക വിദ്യാർത്ഥികളുടെ മുടിമുറിച്ചതായി പരാതി. കൊൽക്കത്ത ദക്ഷിണേശ്വറിലെ ആരിയദഹാ കലാചന്ദ് ബോയ്സ് ഹൈസ്‌കൂളിലെ പ്രധാനാധ്യാപിക ഇന്ദ്രാണി മസൂംദറിനെതിരേയാണ് കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.
പ്രധാനാധ്യാപിക കത്രിക ഉപയോഗിച്ച് ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആറുപേരുടെ മുടി മുറിച്ചെന്നാണ് ആരോപണം. കഴിഞ്ഞദിവസം ക്ലാസിനിടെ വിദ്യാർത്ഥികളിൽ ചിലർ ചൂളമടിച്ചിരുന്നു. ക്ലാസെടുത്തിരുന്ന അദ്ധ്യാപിക ആരാണ് ചൂളമടിച്ചതെന്ന് ചോദിച്ചപ്പോൾ ആരും പ്രതികരിച്ചില്ല.
ഇതോടെ സംശയമുള്ള ആറ് വിദ്യാർത്ഥികളെ അദ്ധ്യാപിക പ്രധാനാധ്യാപികയുടെ മുറിയിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രധാനാധ്യാപിക ചോദിച്ചിട്ടും കുട്ടികൾ മറുപടി പറഞ്ഞില്ല. ഇതോടെയാണ് പ്രധാനാധ്യാപിക കത്രികയെടുത്ത് ആറ് കുട്ടികളുടെയും മുടി മുറിച്ചതെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, സംഭവത്തിൽ ആരോപണവിധേയയായ ഇന്ദ്രാണി മസൂംദർ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ സംഭവത്തെ അതീവഗൗരവത്തോടെയാണ് നോക്കികാണുന്നതെന്ന് സ്‌കൂൾ മാനേജിങ് കമ്മിറ്റി അംഗമായ അസിം ദത്ത പ്രതികരിച്ചു. കോടതി ഉത്തരവ് പ്രകാരം വിദ്യാർത്ഥികളെ യാതൊരുരീതിയിലും ഉപദ്രവിക്കാൻ പാടില്ലെന്നും ഈ വിവരം അറിഞ്ഞയുടൻ സംഭവത്തെ അപലപിച്ചതായും അദ്ദേഹം പറഞ്ഞു.
ഇത്തരത്തിലൊരു ശിക്ഷാരീതി അംഗീകരിക്കാനാകില്ലെന്ന് കുട്ടികളുടെ രക്ഷിതാക്കളിൽ ഒരാളും പ്രതികരിച്ചു. വിദ്യാർത്ഥികൾ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. എന്നാൽ മുടിമുറിച്ചുള്ള ശിക്ഷാരീതിയൊന്നും ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രധാനാധ്യാപികയ്ക്കെതിരേ നടപടി വേണമെന്നും രക്ഷിതാവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.