ബെംഗളൂരു: ഡേറ്റിങ്ങിനായി നല്ല കുടുംബപശ്ചാത്തലമുള്ള ഒരാളെ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിവാഹമോചിതയായ 32-കാരിയെ കാറിൽ വിജനമായ സ്ഥലത്തെത്തിച്ച് നഗ്‌നവീഡിയോ പകർത്തി കൊള്ളയടിച്ച സംഭവത്തിൽ ദമ്പതിമാരടക്കം നാലുപേർ അറസ്റ്റിൽ. നഗ്‌നവീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി കൊള്ളയടിച്ചെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. ബെംഗളൂരുവിന് സമീപം മഗഡി മെയിൻ റോഡ് നിവാസികളായ ആർ. മംഗള(30), ഭർത്താവ് രവികുമാർ(35), ഇവരുടെ കൂട്ടാളികളായ ശിവകുമാർ, ശ്രീനിവാസ് എന്നിവരാണ് പിടിയിലായത്.

ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയായ 32-കാരിയെയാണ് പ്രതികൾ കൊള്ളയടിച്ചത്. യുവതിയുടെ ആഡംബര ജീവിതരീതി കണ്ട് തെറ്റിദ്ധരിച്ചാണ് പിടിയിലായ മംഗളയും ഭർത്താവും ചേർന്ന് കവർച്ച ആസൂത്രണം ചെയ്തത്. മറ്റുരണ്ടുപേർ ഇവരുടെ സഹായികളാണെന്നും പൊലീസ് പറഞ്ഞു.

യുവതിയിൽനിന്ന് സ്വർണാഭരണങ്ങളും പണവും ഉൾപ്പെടെ രണ്ട് ലക്ഷത്തോളം രൂപയുടെ വസ്തുക്കളാണ് ഇവർ കവർന്നത്. ജൂലായ് 20-ാം തീയതി രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവമെന്നും പൊലീസ് പറയുന്നു.

വിവാഹമോചിതയായ 32-കാരിയും മുഖ്യപ്രതിയായ മംഗളയും രണ്ടുമാസം മുമ്പാണ് പരിചയപ്പെടുന്നത്. ഒരു സുഹൃത്ത് വഴിയാണ് യുവതി മംഗളയെ പരിചയപ്പെട്ടത്. ഇടയ്ക്കിടെ ചില പുരുഷന്മാർക്കൊപ്പം പുറത്തുപോകുന്നതും ഡേറ്റിങ് നടത്തുന്നതും യുവതിയുടെ പതിവായിരുന്നു. രണ്ടുമാസം മുമ്പ് പരിചയപ്പെട്ട മംഗളയോടും ഇവർ തന്റെ ഡേറ്റിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തി. ഒരാളെ തരപ്പെടുത്തി നൽകണമെന്നും ആവശ്യപ്പെട്ടു. നല്ല കുടുംബ പശ്ചാത്തലമുള്ള ഒരാളെ തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് കവർച്ചയ്ക്ക് മംഗളയും ഭർത്താവും ആസൂത്രണം നടത്തിയത്.

കവർച്ചയ്ക്ക് മുമ്പ് മംഗള യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. യുവതിയുടെ കൈവശം ധാരാളം പണവും സ്വർണവും ഉണ്ടാകുമെന്നും ഇവർ കരുതി. തുടർന്നാണ് ഭർത്താവ് രവികുമാറുമായി ചേർന്ന് കവർച്ച ആസൂത്രണം നടത്തിയത്.

മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ജൂലായ് 20-ാം തീയതി രാത്രി മംഗള യുവതിയെ ഫോണിൽ വിളിച്ചു. ഡേറ്റിങ്ങിനായി ഒരു യുവാവിനെ കിട്ടിയിട്ടുണ്ടെന്നും മഹാലക്ഷ്മി ലേഔട്ടിന് സമീപത്തെ സ്വിമ്മിങ് പൂളിന് സമീപം കാത്തുനിൽക്കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി സ്വിമ്മിങ് പൂളിന് സമീപം എത്തുകയും ഒരു യുവാവ് ഇവിടേക്ക് കാറിൽ വരികയും ചെയ്തു.

കേസിലെ മൂന്നാംപ്രതിയായ ശിവകുമാറാണ് കാറുമായി എത്തിയത്. തുടർന്ന് യുവതി യുവാവിനൊപ്പം കാറിൽ കയറിപ്പോയി. എന്നാൽ അല്പദൂരം പിന്നിട്ടതോടെ യുവാവ് കാർ നിർത്തുകയും മറ്റുപ്രതികളായ രവികുമാറും ശ്രീനിവാസും കാറിൽ കയറുകയും ചെയ്തു. യുവതി ഇതിനെ എതിർത്തെങ്കിലും പ്രതികൾ ഇവരെ കത്തി കാട്ടി ഭീഷണിപ്പെടുത്തി. തുടർന്ന് തവരക്കരെ മെയിൻ റോഡിന് സമീപത്തെ വിജനമായ സ്ഥലത്തേക്ക് കാറോടിച്ച് പോയി. ഇവിടെവച്ചാണ് യുവതിയെ വിവസ്ത്രയാക്കി പണവും സ്വർണ്ണവും കൊള്ളയടിച്ചത്.

യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണമാലയും കമ്മലുമെല്ലാം പ്രതികൾ കവർന്നു. തുടർന്ന് എ.ടി.എം. കാർഡ് ഉപയോഗിച്ച് 40,000 രൂപ പിൻവലിക്കുകയും നെറ്റ് ബാങ്കിങ് വഴി 84,000 രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും ചെയ്തു. ഇതിനുശേഷമാണ് യുവതിയെ വഴിയിലിറക്കി വിട്ടത്.

കാറിനുള്ളിൽവെച്ച് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും അഴിച്ചുമാറ്റുകയും ചെയ്ത പ്രതികൾ ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തുടർന്ന് ഈ നഗ്‌നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. പൊലീസിൽ പരാതിപ്പെട്ടാൽ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ അപ് ലോഡ് ചെയ്യുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നു.