- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്‌ളാറ്റുകളിൽനിന്ന് ഇഡി കണ്ടെടുത്തത് അമ്പത് കോടി; എന്നിട്ടും ഫ്‌ളാറ്റ് അറ്റകുറ്റപ്പണിക്ക് 11,809 രൂപ കുടിശിക; അർപ്പിതാജി വിശ്വസ്തതയുടെ ഉദാഹരണമെന്ന് ഒഡീഷ എഡിജിപി; ട്വീറ്റ് വൈറൽ
കൊൽക്കത്ത: സ്‌കൂൾ നിയമന തട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുന്മന്ത്രി പാർഥ ചാറ്റർജിയ്‌ക്കൊപ്പം പിടിയിലായ ബംഗാളി യുവനടിയും മോഡലുമായ അർപിത മുഖർജിയെ രൂക്ഷമായി പരിഹസിച്ച് ഒഡീഷ എഡിജിപി അരുൺ ബോത്ര. 11,809 രൂപ ഫ്‌ളാറ്റ് അറ്റകുറ്റപ്പണിക്ക് നൽകാതിരുന്നതിന് കുടിശിക വരുത്തിയവരുടേതായി ഹൗസിങ് സൊസൈറ്റി പുറത്തിറക്കിയ നോട്ടിസിൽ അർപിതയുടെ പേരുണ്ടായിരുന്നു. ഇതു പരാമർശിച്ചാണ് അരുൺ ബോത്രയുടെ പരിഹാസം.
കോടികളുടെ പണം ഫ്‌ളാറ്റിൽ ഉണ്ടായിരുന്നപ്പോഴും 11,809 രൂപയുടെ കടക്കാരിയായ അർപിത, നിങ്ങൾ എന്തുതന്നെ പറഞ്ഞാലും, വിശ്വസ്തതയുടെ ഉദാഹരണമാണെന്ന് അരുൺ ബോത്ര ട്വീറ്റ് ചെയ്തു. അരുൺ ബോത്രയുടെ പരിഹാസം സമൂഹമാധ്യമങ്ങളിൽ വൈറലായി.
कुछ भी कहो पर अर्पिता जी ने वफादारी की मिसाल कायम की है।
- Arun Bothra ???????? (@arunbothra) July 28, 2022
खुद के ऊपर सोसाइटी के 11,809 रुपये बाकी थे, दरवाजे पर नोटिस लग गया पर दूसरे के पैसे को पूरा संभाल कर रखा। pic.twitter.com/BzJWCR0bjL
അർപിതയുടെ നാല് ഫ്‌ളാറ്റുകളിലായി നടത്തിയ റെയ്ഡിൽ ആകെ 50 കോടിയോളം രൂപ പിടിച്ചെടുത്തിരുന്നു. തന്റെ ഫ്‌ളാറ്റുകളിൽനിന്ന് ഇഡി കണ്ടെടുത്ത പണം മുഴുവനും പാർഥ ചാറ്റർജിയുടേതെന്നായിരുന്നു അർപിതയുടെ മൊഴി. പണം സൂക്ഷിക്കാനുള്ള ഇടമായി തന്റെ ഫ്‌ളാറ്റുകൾ പാർഥ ഉപയോഗിക്കുകയായിരുന്നു.
പാർഥ തന്റെ ഫ്‌ളാറ്റുകൾ മിനി ബാങ്കുകളാക്കി മാറ്റിയെന്ന് അർപിത പറഞ്ഞതായി മുതിർന്ന ഇഡി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. പാർഥയുടെ ആളുകൾ ഇടയ്ക്കിടെ ഫ്‌ളാറ്റിൽ വരാറുണ്ടായിരുന്നുവെന്നും പണം സൂക്ഷിച്ച മുറികളിൽ തനിക്ക് ഒരിക്കലും പ്രവേശനം ഉണ്ടായിരുന്നില്ലെന്നും അർപിത പറഞ്ഞു.
ഗൂഢാലോചനയുടെ ഇരയാണു താനെന്നും തൃണമൂൽ കോൺഗ്രസ് സ്വീകരിച്ച നടപടി ശരിയാണോയെന്ന് കാലം തെളിയിക്കുമെന്നും അറസ്റ്റിലായ പാർഥ മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂൾ നിയമനക്കോഴയുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത പാർഥയെ മന്ത്രിസ്ഥാനത്തുനിന്നു മുഖ്യമന്ത്രി മമത ബാനർജി നീക്കിയിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി പദത്തിൽനിന്നു സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. പിടിച്ചെടുത്ത പണം തന്റേതല്ലെന്ന നിലപാടിൽ പാർഥയും ഉറച്ചു നിൽക്കുകയാണ്.