കൊൽക്കത്ത: ജാദവ്പുർ സർവകലാശാലയിൽ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ സർവകലാശാല പ്രഫസർ അറസ്റ്റിൽ. ജാദവ്പുർ സർവകലാശാലയിലെ പ്രഫസർ ഹെർകാൻ നീഡൻ ടോപ്പോയാണ് പിടിയിലായത്. ജൂൺ 25ന് ടോപ്പോയ്‌ക്കെതിരെ വിദ്യാർത്ഥിനിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

അതിജീവിതയും ടോപ്പോയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ കേസിൽ നിർണായക തെളിവാണെന്നും ഓഡിയോ ക്ലിപ് വിശദ പരിശോധനയ്ക്ക് അയച്ചതായും പൊലീസ് അറിയിച്ചു. വിദ്യാർത്ഥിനിയെ ഗവേഷണത്തിന്റെ പേരിൽ വിളിച്ചു വരുത്തി ടോപ്പോ പീഡനത്തിന് ഇരയാക്കുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കൊൽക്കത്ത ഹൈക്കോടതി തള്ളിയതിനു പിന്നാലെ ടോപ്പോ പൊലീസിൽ കീഴടങ്ങി.

ജാദവ്പുർ സർവകലാശാല ക്യാംപസിലുള്ള പ്രഫസറുടെ ക്വാർട്ടേഴ്സിൽ വച്ചായിരുന്നു പീഡനം. പ്രഫസർക്കെതിരെ പരാതിയുമായി മുന്നോട്ടു വന്നതോടെ സമൂഹത്തിൽ വളരെയധികം ഒറ്റപ്പെട്ടുവെന്നും മാനസികമായി വളരെയധികം പീഡനം സഹിക്കേണ്ടി വന്നുവെന്നും അതിജീവിത പറഞ്ഞു. നീതിക്കായി അവസാന ശ്വാസം വരെ പോരാടുമെന്നും യുവതി വ്യക്തമാക്കി.