ബെർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ പാക്കിസ്ഥാൻ വനിതകളെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ. മഴ കാരണം 18 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാൻ 99 റൺസിന് എല്ലാവരും പുറത്തായി. 100 റൺസ് വിജയലക്ഷ്യം 11.4 ഓവറിൽ ഇന്ത്യ മറികടന്നു.

42 പന്തിൽ പുറത്താവാതെ 63 നേടിയ സ്മൃതി മന്ഥാനയുടെ തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്. ഷെഫാലി വർമ (16), സബിനേന മേഘ്ന (14) എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ജമീമ റോഡ്രിഗസ് (2) പുറത്താവാതെ നിന്നു.

മൂന്ന് സിക്സും എട്ട് ഫോറും ഉൾപ്പെടുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റിൽ 61 റൺസ് പിറന്നു. എന്നാൽ ആറാം ഓവറിന്റെ അവസാന പന്തിൽ ഷെഫാലി പുറത്തായി. തുബ ഹസന്റെ പന്തിൽ പാക് വിക്കറ്റ് കീപ്പർ മൂനീബ അലിക്ക് ക്യാച്ച്. ഒരു സിക്സും രണ്ട് ഫോറും ഷെഫാലി നേടിയിരുന്നു. സബിനേനി ഒമൈമ സൊഹൈലിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു.

നേരത്തെ സ്നേഹ് റാണ, രാധാ യാധവ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് പാക്കിസ്ഥാനെ ചെറിയ സ്‌കോറിൽ ഒതുക്കിയത്. 32 റൺസെടുത്ത മുനീബ അലിയാണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ഇന്ത്യയുടെ ആദ്യ ജയമാണിത്. 

മുനീബയ്ക്ക് പുറമെ ബിസ്മ മറൂഫ് (17), ഒമൈമ സൊഹൈൽ (10), ആയേഷ നസീം (10), ആലിയ റിയാസ് (18) എന്നിവർക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ഇറാം ജാവേദ് (0), ഫാത്തിമ സന (8), കൈനത് ഇംതിയാസ് (2), ദിയാന ബെയ്ഗ് (0), തുബ ഹസൻ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ആനം അമിൻ (0) പുറത്താവാതെ നിന്നു. രേണുക സിങ്, മേഘ്ന സിങ്, ഷെഫാലി വർമ എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ, ഓസ്ട്രേലിയയോട് തോറ്റിരുന്നു. ആദ്യ കളി തോറ്റ് തുടങ്ങിയതിനാൽ ഇരു ടീമുകൾക്കും ഇന്ന് ജയം അനിവാര്യമായിരുന്നു. കരുത്തരായ ഓസ്ട്രേലിയയോട് കയ്യെത്തും ദൂരത്താണ് ഇന്ത്യക്ക് ജയം നഷ്ടമായത്. പാക്കിസ്ഥാനാവട്ടെ ബാർബഡോസിനോടും തോറ്റു. ബുധനാഴ്‌ച്ച ഇന്ത്യ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ നേരിടും.