കാസർകോട്: വാടകവീടീന്റെ ടെറസിൽ കഞ്ചാവ് വെച്ചുപിടിപ്പിച്ച ഇരുപത്തിരണ്ടുകാരൻ പിടിയിൽ. ടെറസിലെ ചെടി കണ്ട് സംശയം തോന്നിയ നാട്ടുകാരൻ അറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവാണെന്ന് തിരിച്ചറിഞ്ഞത്. മംഗളുരുവിൽ വിദ്യാർത്ഥിയായ നജീബ് മഹ്ഫൂസാണ് അറസ്റ്റിലായത്.

കാസർകോട് കുമ്പള കിദൂരിൽ വാടക വീട്ടിലാണ് നജീബ് മഹ്ഫൂസ് താമസിക്കുന്നത്. വാടക വീടിന്റെ ടെറസിന് മുകളിലെ കൃഷി കണ്ട നാട്ടുകാരനായ ഒരാൾക്ക് കഞ്ചാവല്ലേ ന്ന് സംശയം തോന്നി.  സംശയം വർധിച്ചതോടെ അയാൾ പൊലീസിന് വിവരം നൽകി.

കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദിന് വിവരം ലഭിച്ചതോടെ എസ് ഐ വി കെ അനീഷിന്റെ നേതൃത്വത്തിൽ പൊലീസ് യുവാവിന്റെ വാടക വീട്ടിലെത്തി. ടെറസിന്റെ മുകളിലെ കൃഷി പരിശോധിച്ച സംഘം ഞെട്ടി. കൃഷി കഞ്ചാവ് തന്നെ. 15 ലിറ്ററിന്റെ വെള്ളക്കുപ്പി മേൽഭാഗം മുറിച്ച് മാറ്റി മണ്ണ് നിറച്ച് വളമിട്ട് നല്ല വൃത്തിയായി കഞ്ചാവ് കൃഷി ചെയ്തിരിക്കുന്നു. മൂന്ന് മാസത്തോളം പ്രായമായ മൂന്ന് കഞ്ചാവ് ചെടികൾ.

നജീബ് മഹ്ഫൂസിനെ അറസ്റ്റ് ചെയ്ത് കഞ്ചാവ് ചെടികളുമായി പൊലീസ് സംഘം മടങ്ങുമ്പോൾ മാത്രമാണ് അയൽക്കാർ കാര്യമറിയുന്നത്. മംഗളൂരിവിൽ സ്വകാര്യ കോളേജിൽ വിദ്യാർത്ഥിയാണ് ഈ 22 വയസുകാരൻ. കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്ന് പൊലീസ് പറയുന്നു. സ്വന്തം ആവശ്യത്തിന് ഉപയോഗിക്കാനാണത്രെ ഇയാൾ കഞ്ചാവ് കൃഷി ചെയ്തത്.