ക്ലോയി കെല്ലിയുടെ സുവർണ്ണ ബൂട്ടിൽനിന്നും പറന്നുയർന്ന പന്ത് ജർമ്മനിയുടെ ഗോൾ വലയെ ഉലച്ച നിമിഷം ഇംഗ്ലണ്ടിൽ ആരവമുയർന്നു. ആ ഗോൾ പിറന്നു വീണത് ചരിത്രത്തിലേക്കായിരുന്നു. യൂറോസ് 2022 ന്റെ ഫൈനലിൽ ജർമ്മനിയെ 2-1 ന് മുട്ടുകുത്തിച്ച ഇംഗ്ലണ്ട് വനിതാ ടീമിനെ തേടിയെത്തിയത് അഭിനന്ദനങ്ങളുടെ പ്രവാഹവും. ഇന്നത്തെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും മാത്രമല്ല, വരും തലമുറയിലുള്ളവർക്കും നിങ്ങൾ പ്രചോദനമാവുകയാണ് എന്നായിരുന്നു എലിസബത്ത് രാജ്ഞി അവരെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞത്.

സന്തോഷം അടക്കാനാകാതെ ടീമംഗങ്ങളും നൃത്തച്ചുവടുകൾ വെച്ച് ചേഞ്ചിങ് റൂമിലും ആഘോഷത്തിന് കൊഴുപ്പേകി. തകർപ്പൻ പാസ്സുകളും, പ്രതിരോധ അടവുകളും മഞ്ഞക്കാർഡുകളും നിറഞ്ഞ ഉദ്വേഗഭരിതമായ 90 മിനിറ്റുകളിൽ, സ്വന്തം രാജ്യത്തെ ധീര വനിതകൾക്ക് ഉറച്ച പിന്തുണയേകി ബ്രിട്ടീഷ് കിരീടാവകാശി വില്യം രാജകുമാരനും വെംബ്ലിയിലെ സ്റ്റേഡിയത്തിലുണ്ടായിരുന്നു.

ജർമ്മൻ പ്രതിരോധ നിരയെ പിന്തള്ളി, ഗോൾ കീപ്പറെ നിസ്സഹായയാകി എല്ല ടൂണിന്റെ ആദ്യ ഗോൾ പിറന്നപ്പോൾ 87,000 ൽ അധികം കാണികൾ തടിച്ചുകൂടിയ സ്റ്റേഡിയത്തിൽ ആരവമുയർന്നും. എന്നാൽ, ഇംഗ്ലീഷ് ആരാധകരുടെ സന്തോഷം ഏറെ നീണ്ടില്ല. ജർമ്മനിയുടെ മാഗുൾ തന്റെ രാജ്യത്തെ സമനിലയിൽ എത്തിച്ചു. അതോടെ ഇംഗ്ലീഷ് കാമ്പിൽ വല്ലാത്ത മൂകത പരന്നു. മത്സരം അവസാനിക്കാൻ പത്ത് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു സമനില കൈവരിക്കാൻ ജർമ്മനിക്കായത്.

തുടർന്ന് സമനില ഭേദിക്കാനാകാതെ വന്നതോടെ എക്സ്ട്രാ ടൈമിലേക്ക് കടക്കുകയായിരുന്നു. അവിടെയും, ആരംഭത്തിൽ ഒരു അദ്ഭുതവും സംഭവിക്കും എന്ന് ആരും പ്രതീക്ഷിച്ചില്ല. ഇഞ്ചോടിഞ്ച് പൊരുതി കളിച്ച ഇരു ടീമുകളും സ്വന്തം ഗോൾവലയത്തിനു പിഴവുകളില്ലാത്ത സംരക്ഷണമൊരുക്കിയപ്പോൾ കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോകും എന്നു തന്നെയായിരുന്നു എല്ലാവരും കരുതിയിരുന്നത്. പക്ഷെ തന്റെ ആദ്യത്തി അന്താരാഷ്ട്ര ഗോൾ നേടാനുള്ള ക്ലോയി കെല്ലിയുടെ നിയോഗം എല്ലാം മാറ്റി മറിക്കുകയായിരുന്നു. ജർമ്മൻ ഗോൾ കീപ്പർ ഫ്രോംസിന് നിസ്സഹായായി നോക്കി നിൽക്കാൻ മാത്രമെ കഴിഞ്ഞുള്ളു. തന്റെ ജഴ്സിയൂരി തലക്ക് മീതെ കറക്കിക്കൊണ്ട് കെല്ലി ഗ്രൗണ്ടിൽ നൃത്തം ചവിട്ടിയപ്പോൾ, ഒരു രാജ്യത്താകെ ആവേശം പടരുകയായിരുന്നു.

യൂറോപ്യൻ വിമൻസ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം നേടിയ ഇംഗ്ലണ്ട് വനിതാ ടീമംഗങ്ങളെ ആദ്യം അനുമോദിച്ചത് എലിസബത്ത് രാജ്ഞി തന്നെയായിരുന്നു. അവർ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്നു എന്ന് രാജ്ഞി പറഞ്ഞു. ടീമംഗങ്ങൾക്കൊപ്പം സ്വീറ്റ് കരോലിൻ പാടി വിജയമാഘോഷിച്ച കെല്ലി പറഞ്ഞത് ഇത് ഇന്നത്തെ പെൺകുട്ടികൾക്കായി സമർപ്പിക്കുന്നു എന്നായിരുന്നു.

എന്നും ഇംഗ്ലണ്ടിന് ആശങ്കയുയർത്തിയിട്ടുള്ള എതിരാളികളാണ്ജർമ്മനി. അതുകൊണ്ടു തന്നെ ഈ മത്സരം കാണാൻ ഇതിനു മുൻപെങ്ങും ഇല്ലാത്തത്ര ജനങ്ങളായിരുന്നു തടിച്ചുകൂടിയത്. സ്റ്റേഡിയം നിറഞ്ഞു കവിഞ്ഞപ്പോൾ, രാജ്യത്തെ ഒട്ടുമിക്ക പബ്ബുകളിലും ബാറുകളിലുമൊക്കെ ലഹരിയിൽ കുതിർന്ന ഫുട്ബോൾ ആവേശം പതഞ്ഞൊഴുകുകയായിരുന്നു. ഭാവിയിലെ രാജാവ് പോലും ആവേശത്തോടെ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

മത്സരം തുടങ്ങുന്നതിനു വളരെ മുൻപ്, രാവിലെ തന്നെ ടീമിന് ആശംസകൾ നേർന്ന് വില്യമും മകൾ ഷാർലറ്റും ചേർന്ന് ഒരു വീഡിയോ തന്റെ പേഴ്സണൽ ട്വീറ്റർ അക്കൗണ്ടിൽ വില്യം പോസ്റ്റ് ചെയ്തിരുന്നു. ഈ ആവശംതന്നെയായിരുന്നു വെംബ്ലി സ്റ്റേഡിയത്തിനു പുറത്ത് മത്സരം തുടങ്ങുന്നതിനും മുൻപേ ആൾക്കൂട്ടത്തെ എത്തിച്ചതും. പ്രധാനമന്ത്രി ബോറിസ് ജോൺസനും, പ്രധാനമന്ത്രി സ്ഥാനാർത്ഥി ഋഷി സുനാകും ടെലിവിഷനുകൾക്ക് മുൻപിൽ ആവേശഭരിതരായി കാത്തിരിപ്പുണ്ടായിരുന്നു, ഈ ഒരു വിജയത്തിനായി.