വെസ്റ്റ് ഓസ്ട്രേലിയൻ ഗവൺമെന്റ് എല്ലാ പൊതുമേഖലാ തൊഴിലാളികൾക്കും 3 ശതമാനം വാർഷിക വേതന വർദ്ധനയും രണ്ട് വർഷത്തിനുള്ളിൽ 2,500 ഡോളർ ഒറ്റത്തവണയായി നൽകുകയും ചെയ്യുമെന്ന് അറിയിച്ചു.വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം, ജീവിതച്ചെലവ് എന്നീ സമ്മർദ്ദങ്ങൾ മറികടക്കാൻ ഇതുവഴി സഹായകമാകും.വെസ്റ്റേൺ ഓസ്ട്രേലിയയിലെ പൊതുമേഖലാ തൊഴിലാളികൾക്ക് അടുത്ത രണ്ട് വർഷത്തിൽ ആറ് ശതമാനം ശമ്പള വർദ്ധനവ് നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. പ്രതിവർഷം മൂന്ന് ശതമാനമെന്ന നിരക്കിലാണ് പ്രീമിയർ ശമ്പള വർദ്ധനവ് പ്രഖ്യാപിച്ചത്.

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ സജീവമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ പ്രഖ്യാപനം.സർക്കാർ മുൻപ് പ്രഖ്യാപിച്ചിരുന്ന 2.75 ശതമാനം വേതന വർദ്ധനവ് അപര്യാപ്തമാണെന്ന് തൊഴിലാളി യൂണിയനുകൾ ചൂണ്ടിക്കാട്ടിയിരുന്നു.

അദ്ധ്യാപകർ, നഴ്‌സുമാർ, പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, ശുചീകരണത്തൊഴിലാളികൾ എന്നിവരുൾപ്പെടെ പൊതു മേഖലയിൽ ജോലി ചെയ്യുന്ന 1,50,000 തൊഴിലാളികൾക്കാണ് മാറ്റം ബാധകമാകുക.

തൊഴിലാളികൾക്ക് അധിക 2,500 ഡോളർ സൈൻ-ഓൺ ബോണസും സർക്കാർ വാഗ്ദാനം ചെയ്യുന്നുണ്ട്. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പ്രതിവർഷം 0.5 ശതമാനം സൂപ്പറാന്വേഷൻ വർദ്ധനവും പ്രഖ്യാപനത്തിൽ ഉൾപ്പെടുന്നു.

പാർട്ട് ടൈം, കാഷ്വൽ പൊതുമേഖലാ തൊഴിലാളികൾക്കും ആനുപാതികമായ നിരക്കിൽ വേതന വർദ്ധനവും, ബോണസും ലഭിക്കും.സർക്കാർ നേരെത്തെ മുന്നോട്ട് വച്ച വർദ്ധനവ് അംഗീകരിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ പദ്ധതി ഉടൻ പ്രാബല്യത്തിൽ വരുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.