- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- GOOD READS
പരസ്പര വിശ്വാസവും സഹകരണവും ഉറപ്പ് വരുത്താൻ യുവാക്കൾ മുന്നോട്ട് വരണം;യൂത്ത് ഫോറം കാമ്പയിന് സമാപനം
ദോഹ: സമൂഹത്തിൽ വിദ്വേഷവും വെറുപ്പും വളർത്തുന്നവർക്കെതിരിൽ ജാഗ്രത പുലർത്തുവാനും പരസ്പര വിശ്വാസവും സഹകരണവും കാത്ത് സൂക്ഷിക്കാൻ യുവാക്കൾ മുന്നോട്ട് വരണമെന്നും യൂത്ത് ഫോറം കാമ്പയിൻ സമാപന സംഗമം അഭിപ്രായപ്പെട്ടു. 'നമുക്ക് മുൻവിധികൾ ഒഴിവാക്കാം' എന്ന തലക്കെട്ടിൽ ജൂലൈ ആദ്യ വാരം മുതൽ നടന്ന കാമ്പയിൻ സമാപന സംഗമമാണ് മതാർ ഖദീമിലുള്ള യൂത്ത് ഫോറം ഹാളിൽ നടന്നത്. സമാപന സംഗമം സിഐ.സി പ്രസിഡന്റ് ഖാസിം ടി.കെ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം കാമ്പയിൻ പ്രമേയം കാലിക പ്രസക്തമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അകൽച്ചകൾ മാറ്റി വെച്ച് പരസ്പരം അടുക്കുന്നതിലൂടെ മാത്രമേ സമാധാന അന്തരീക്ഷവും പുരോഗതിയും നാട്ടിൽ ഉറപ്പ് വരുത്താൻ കഴിയൂ എന്നും കൂട്ടിച്ചേർത്തു.
നാടിന്റെ സൗഹാർദ പാരമ്പര്യത്തെ ഇല്ലാതാക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരിൽ ജനാധിപത്യ പോരാട്ടം തുടരേണ്ടതുണ്ടെന്നും, അപരവിദ്വേഷം വിതക്കുന്ന വർഗീയ അജണ്ടകൾക്കെതിരിൽ ആസൂത്രിതമായ ശ്രമങ്ങൾ പ്രവാസ ലോകത്തും വളർന്ന് വരണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ സംഗമത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജലീൽ കാവിൽ (സംസ്‌കൃതി), കോയ കൊണ്ടോട്ടി (കെ.എം.സി.സി), അനീസ് മാള (കൾച്ചറൽ ഫോറം), സമീർ ഏറാമല (ഇൻകാസ്), മുഹമ്മദ് അലി (സോഷ്യൽ ഫോറം), പ്രദോഷ് കുമാർ (അടയാളം ഖത്തർ) തുടങ്ങിയവർ സംഗത്തിൽ സംസാരിച്ചു. യൂത്ത് ഫോറം വൈസ് പ്രസിഡന്റ് അസ്ലം ഈരാറ്റുപേട്ട സമാപനം നിർവഹിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഖത്തറിലെ മുപ്പതിലധികം ഇടങ്ങളിൽ വിർച്വൽ സംവിധാനത്തിലൂടെ പരിപാടി പ്രക്ഷേപണം ചെയ്തു.
സൗഹൃദ സംഗമം, യൂത്ത് മീറ്റുകൾ, കമ്മ്യുണിറ്റി സർവീസ് പ്രോഗ്രാംസ് തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടത്. യൂത്ത് ഫോറം പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു കാമ്പയിൻ സംഘടിപ്പിച്ചതെന്ന് കാമ്പയിൻ കൺവീനർ ഹബീബ് റഹ്മാൻ അറിയിച്ചു. സമാപന സംഗമത്തിൽ യൂത്ത് ഫോറം ജനറൽ സെക്രട്ടറി അബ്‌സൽ അബ്ദുട്ടി സ്വാഗതവും കൺവീനർ ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.