കോട്ടയം: ബഫർസോൺ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുകമറ സൃഷ്ടിച്ച് ഒളിച്ചുകളിക്കുകയാണെന്നും ജൂലൈ 27 ലെ മന്ത്രിസഭാ തീരുമാനം പ്രഹസനമായി മാറിയിരിക്കുന്നുവെന്ന് സർക്കാർ കോടതി രേഖകൾ വ്യക്തമാക്കുന്നുവെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

കേരളത്തിലെ വന്യമൃഗസങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും അതിർത്തി നിർണ്ണയിച്ചത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാരിനെ പഴിചാരി രക്ഷപെടാൻ ശ്രമിക്കുന്നത് വിരോധാഭാസമാണ്. കേന്ദ്രസർക്കാർ വനാതിർത്തികൾ നിർണ്ണയിച്ച് കേരളത്തിന് നിർദ്ദേശം നൽകിയിട്ടില്ല. കേരളം നിശ്ചയിച്ച അതിർത്തികൾ അംഗീകരിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ചെയ്യുന്നത്. അന്തിമവിജ്ഞാപനം ഇതുവരെയും പ്രഖ്യാപിക്കാത്ത സ്ഥിതിക്ക് ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിശ്ചയിച്ച് അതിർത്തി പുനർനിർണ്ണയിക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് തെളിയിക്കുന്ന വ്യക്തമായ രേഖകളുണ്ട്. നിവവിലുള്ള വനനിയമത്തിന്റെ പോലും വ്യക്തമായ ലംഘനങ്ങൾ വനംവകുപ്പ് ബഫർസോൺ, പരിസ്ഥിതിലോല വിഷയത്തിൽ നടത്തിയിരിക്കെ ഭരണ അധികാരത്തിന്റെ മറവിൽ ജനങ്ങളെ വിഢികളാക്കാൻ ശ്രമിക്കുന്നത് അനുവദിക്കില്ല.

മന്ത്രിസഭാതീരുമാനവും വനംവകുപ്പ് മന്ത്രിയുടെ പ്രഖ്യാപനങ്ങളും കോടതികൾ മുഖവിലയ്ക്കെടുക്കില്ല. പാസ്സാക്കിയ നിയമമാണ് കോടതി പരിഗണിക്കുന്നത്. ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തുവാൻ നിലവിൽ ഒരു തടസ്സവുമില്ലെന്നിരിക്കെ കർഷകഭൂമി കയ്യേറി വനവൽക്കരണത്തിനായി ജനപ്രതിനിധികളും ഭരണസംവിധാനങ്ങളും കൂട്ടുനിൽക്കുന്നത് വനംവകുപ്പിന്റെ വൻ രാജ്യാന്തര സാമ്പത്തിക ഇടപാടിന്റെ ഭാഗമാണ്. റവന്യൂ ഭൂമിയിൽ വനംവകുപ്പിന് അധികാരമില്ലന്നിരിക്കെ കൃഷി, റവന്യൂ വകുപ്പുകളുടെയും നിശബ്ദത സംശയം ജനിപ്പിക്കുന്നു. കൃഷിഭൂമി കയ്യേറി ഭാവിയിൽ ജനങ്ങളെ കുടിയിറക്കി വനമാക്കി മാറ്റുവാൻ ആരെയും അനുവദിക്കില്ല. സംസ്ഥാനം കേന്ദ്രസർക്കാരിന് സമർപ്പിച്ച രേഖകളെല്ലാം വിവരാവകാശനിയമത്തിലൂടെ കർഷകർ പുറത്തുകൊണ്ടുവരുമ്പോൾ വനംവകുപ്പിന്റെ ചതിക്കുഴികൾ പൊതുസമൂഹത്തിന് വളരെ കൃത്യമായി വ്യക്തമാകുമെന്നും ഉദ്യോഗസ്ഥരുടെ ആജ്ഞാനുവർത്തികൾ മാത്രമായി ജനപ്രതിനിധികൾ അധഃപതിക്കുന്നത് സാക്ഷരസമൂഹത്തിന് അപമാനകരമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.