ന്യൂഡൽഹി: വിലക്കയറ്റവുമായി ബന്ധപ്പെട്ട ചർച്ചക്കിടയിൽ ലോക്സഭയിൽ വഴുതന പച്ചക്ക് കടിച്ച് തൃണമൂൽ കോൺഗ്രസ് എംപി. ബരാസത്തിൽ നിന്നുള്ള എംപിയായ കക്കോലി ഘോഷ് ദസ്തിദാറാണ് സഭയിൽ പച്ചക്ക് പച്ചക്കറി കടിച്ച് പാചകവാതക വിലവർധനവിനെതിരേ പ്രതിഷേധിച്ചത്. പച്ചക്കറികൾ പച്ചക്ക് കഴിക്കണമെന്നാണോ സർക്കാർ പറയുന്നതെന്ന് കക്കോലി ഘോഷ് ചോദിച്ചു.

തുടർന്ന് അവർ കൈയിൽ കരുതിയ പച്ച വഴുതനയിൽ കടിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി പാചകവാതകത്തിന്റെ വില നാല് മടങ്ങാണ് വർധിച്ചതെന്ന് അവർ പറഞ്ഞു. 600-ൽ നിന്ന് അതിപ്പോൾ 1100 ആണ്. പാചകവാതകവില വർധന പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിലക്കയറ്റത്തെക്കുറിച്ച് ചർച്ച അനുവദിച്ച സ്പീക്കർക്ക് നന്ദി പറഞ്ഞ എംപി ഏറെക്കാലത്തിന് ശേഷമാണ് വിഷയം ചർച്ച ചെയ്യുന്നതെന്നും ചൂണ്ടിക്കാണിച്ചു.

നാല് കോൺഗ്രസ് എംപിമാരുടെ സസ്പെൻഷനും തുടർച്ചയായ പ്രതിഷേധത്തേയും തുടർന്ന് രണ്ട് തവണ നിർത്തിവച്ചതിന് പിന്നാലെയാണ് ലോക്‌സഭ ഇന്ന് വിലക്കയറ്റ ചർച്ച ആരംഭിച്ചത്. കോൺഗ്രസ് എംപിമാരുടെ സസ്‌പെൻഷനും പിൻവലിച്ചു.